ഇനി ക്യൂവില്‍ നില്‍ക്കണ്ട; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇ ഗേറ്റ് സംവിധാനം

ഇനി ക്യൂവില്‍ നില്‍ക്കണ്ട; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇ ഗേറ്റ് സംവിധാനം

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്ര സുഗമമാക്കുന്നതിനായി ഇ ഗേറ്റ് സംവിധാനം ആരംഭിച്ചു. തടസങ്ങളില്ലാത്തതും സ്ഥിരതയുള്ളതും കടലാസ് രഹിതവുമായ സേവനം പ്രദാനം ചെയ്യുന്നതിനായാണ് പുതിയ സംവിധാനം. ക്യൂ ആര്‍ കോഡ് സ്‌കാനറോട് കൂടിയ ആറ് ഇ ഗേറ്റുകളാണ് വിമാനത്താവളത്തില്‍ സ്ഥാപിച്ചത്.

വിമാനത്താവളത്തിന്റെ ആഭ്യന്തര, രാജ്യാന്തര ടെര്‍മിനലുകളുടെ പ്രീ സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയിലാണ് ഇ ഗേറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇ-ഗേറ്റുകള്‍ എത്തിയതോടെ യാത്രക്കാര്‍ക്ക് ചെക്ക് ഇന്‍ ചെയ്ത ശേഷം ബോര്‍ഡിങ് പാസ് ഇഗേറ്റുകളില്‍ സ്‌കാന്‍ ചെയ്ത് സെക്യൂരിറ്റി ഹോള്‍ഡിങ് ഏരിയയിലേക്ക് (എസ്എച്ച്എ) പ്രവേശിക്കാം. നേരത്തേ ഉദ്യോഗസ്ഥര്‍ ബോര്‍ഡിങ് പാസ് നേരിട്ട് പരിശോധിച്ച് യാത്രക്കാരെ കടത്തിവിടുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്.

ഇ ഗേറ്റ് നിലവില്‍ വന്നതോടെ യാത്രക്കാര്‍ക്ക് ചെക്ക് ഇന്‍ പ്രക്രിയ വേഗത്തിലാക്കാനും തിരക്കുള്ള സമയങ്ങളില്‍ ഏറെ നേരം നീണ്ട ക്യൂവില്‍ നില്‍ക്കുന്നത് ഒഴിവാക്കാനും സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ എയര്‍ലൈനുകള്‍ക്ക് ടെര്‍മിനലിനുള്ളില്‍ യാത്രക്കാര്‍ എവിടെയാണെന്ന് എളുപ്പത്തില്‍ കണ്ടെത്താനും വിമാനത്താവളത്തിലെ സുരക്ഷ സംവിധാനം മെച്ചപ്പെടുത്താനും ഇ ഗേറ്റുകള്‍ സഹായിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

അതേസമയം തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 83.6 ശതമാനം റെക്കോഡ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിമാന ഷെഡ്യൂളുകളില്‍ 31.53 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. 2023 ജനുവരിയില്‍ 323792 യാത്രക്കാര്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

2022 ജനുവരിയില്‍ ഇത് 176315 ആയിരുന്നു. 2022 ജനുവരിയില്‍ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 5687 ആയിരുന്നത് 2023 ജനുവരിയില്‍ അത് 10445 ആയി ഉയര്‍ന്നിട്ടുണ്ട്. കൂടാതെ 2022 ജനുവരിയില്‍ 1,671 ആയിരുന്ന എയര്‍ ട്രാഫിക് മൂവ്മെന്റ് 2023 ജനുവരിയില്‍ 2,198 ആയി വര്‍ധിച്ചിട്ടുണ്ട്.

നിലവില്‍ അദാനി ഗ്രൂപ്പിനാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം. 2021 ഒക്ടോബറിലാണ് കേരള സര്‍ക്കാരിന്റെ എതിര്‍പ്പിനിടെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്തത്. വിമാനത്താവളത്തിന്റെ 650 ഏക്കറിലേറെ വരുന്ന ഭൂമിയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ നിക്ഷേപങ്ങളും ഉള്‍പ്പെടെയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്.

ഇതിന് പിന്നാലെ വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന് കൈമാറിയ നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയിസ് യൂണിയനും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കൈമാറ്റം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. എന്നാല്‍ അപ്പീല്‍ സുപ്രീം കോടതി തള്ളുകയായിരുന്നു.

അദാനിക്ക് കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നും ലേല നടപടികള്‍ സുതാര്യമല്ലെന്നുമായിരുന്നു കേരളത്തിന്റെ വാദം. എന്നാല്‍ ലേല വ്യവസ്ഥയെ കേരളം ഒരിക്കലും എതിര്‍ത്തിട്ടില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന് ലേലത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക ഇളവ് നല്‍കിയിരുന്നുവെന്നും അപ്പീലിനെ എതിര്‍ത്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഓരോ യാത്രക്കാരനും സംസ്ഥാന സര്‍ക്കാര്‍ 135 രൂപയാണ് ലേലത്തില്‍ വാഗ്ദാനം ചെയ്തതെന്നും എന്നാല്‍ അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്തത് 168 രൂപയാണെന്നും കോടതി ചൂണ്ടിക്കാട്ടി. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ വിജയകരമായി നടത്തി വരുകയാണെന്ന് സംസ്ഥാനം പരാമര്‍ശിച്ചെങ്കിലും സുപ്രീം കോടതി അത് പരിഗണിച്ചില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.