വീട്ടുവളപ്പില്‍ നാളികേരം പെറുക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം; സംഭവം തൃശൂര്‍ വരവൂരില്‍

വീട്ടുവളപ്പില്‍ നാളികേരം പെറുക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം; സംഭവം തൃശൂര്‍ വരവൂരില്‍

തൃശൂര്‍: വീട്ടുവളപ്പില്‍ നാളികേരം പെറുക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. വരവൂര്‍ തളി പാനീശ്വരത്ത് മാരാത്ത് മഠത്തിലാത്ത് വീട്ടില്‍ രാജീവ് (61) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.

വീട്ടുവളപ്പില്‍ നാളികേരം പെറുക്കി കൂട്ടുന്നതിനിടയില്‍ ഓടിയെത്തിയ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. നെഞ്ചിലടിയേറ്റ് നിലത്ത് വീണ രാജീവിനെ പന്നി രണ്ട് തവണകൂടി കുത്തി മറിച്ചു. ആക്രമണത്തിനുശേഷം പന്നി ഓടി മറഞ്ഞു. നിലവിളി കേട്ടെത്തിയ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് രാജീവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

എരുമപ്പെട്ടി പൊലീസ് മേല്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി മോര്‍ച്ചറിയിയിലേക്ക് മാറ്റി. ഞായറാഴ്ച മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കരിക്കും. ഭാര്യ: രാധാമണി. മകന്‍: രോഹിത്.

അതേസമയം കഴിഞ്ഞ ആഴ്ചകളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊല്ലത്തും കോട്ടയത്തുമുണ്ടായ സംഭവങ്ങളില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. കോട്ടയം എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.