പുതിയ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങള്‍ക്കെതിരെ കേസ്; വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍

പുതിയ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങള്‍ക്കെതിരെ കേസ്; വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ പ്രതിഷേധിച്ച ഗുസ്തി താരങ്ങള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. പ്രദേശത്ത് കലാപം നടത്തിയെന്നാരോപിച്ച് ഗുസ്തി താരങ്ങളായ ബജ്രംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവര്‍ക്കെതിരെയും പ്രതിഷേധത്തില്‍ പങ്കെടുത്ത മറ്റ് സംഘാടകര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.

കലാപശ്രമം, നിയമവിരുധമായി സംഘം ചേരല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ഉദ്യോഗസ്ഥന്‍ പ്രഖ്യാപിച്ച ഉത്തരവ് ലംഘിക്കല്‍, സ്വമേധയാ ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതു കൂടാതെ പിഡിപിപി ആക്ടിലെ സെക്ഷന്‍ മൂന്നും ചുമത്തി.

ബ്രിജ് ഭൂഷണെതിരെ ലൈംഗികതിക്രമത്തിന് എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ ഡല്‍ഹി പൊലീസ് ഏഴ് ദിവസമെടുത്തപ്പോള്‍ സമാധാനപരമായ പ്രതിഷേധം നടത്തിയതിന് തങ്ങള്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ ഏഴ് മണിക്കൂര്‍ പോലും എടുത്തില്ലെന്ന ആക്ഷേപവുമായി താരങ്ങള്‍ രംഗത്തെത്തി. രാജ്യം ഏകാധിപത്യത്തിലേക്ക് വഴുതിവീണോ എന്ന ചോദ്യത്തോടെ ഗുസ്തി താരം വിനേഷ് ഫോഗട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു.

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. 'പാര്‍ലമെന്റ് ജനങ്ങളുടെ ശബ്ദമാണ്. എന്നാല്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധശബ്ദം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് പ്രധാനമന്ത്രി' എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. 'കിരീടധാരണം കഴിഞ്ഞു അഹങ്കാരിയായ രാജാവ് തെരുവില്‍ ജനത്തിന്റെ ശബ്ദം അടിച്ചമര്‍ത്തുകയാണ്'-രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ഗുസ്തി താരങ്ങളുടെ പ്രതിഷേധം അടിച്ചമര്‍ത്തുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. രാജ്യത്തിനു വേണ്ടി മെഡല്‍ നേടിയവരുടെ ശബ്ദം ബൂട്ടുകള്‍ക്കിടയില്‍ ചവിട്ടി മെതിക്കുന്ന തരത്തിലേക്ക് ബിജെപിയുടെ ധാര്‍ഷ്ട്യം വളര്‍ന്നുവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.