'കേരളത്തിന്റെ ധൂര്‍ത്ത് അനുവദിക്കാനാവില്ല': വായ്പാ പരിധി വെട്ടിക്കുറച്ചതില്‍ വിശദീകരണവുമായി വി. മുരളീധരന്‍

'കേരളത്തിന്റെ ധൂര്‍ത്ത് അനുവദിക്കാനാവില്ല':  വായ്പാ പരിധി വെട്ടിക്കുറച്ചതില്‍ വിശദീകരണവുമായി വി. മുരളീധരന്‍

ന്യൂഡല്‍ഹി: കേരളത്തിന്റെ വായ്പാ പരിധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതില്‍ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. വിശദമായ പഠനങ്ങള്‍ക്ക് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്ത് കേന്ദ്ര സര്‍ക്കാരിന് അനുവദിക്കാനാകില്ല. കേന്ദ്രത്തിന്റെ നിലപാടിനെ വിമര്‍ശിക്കുന്നവര്‍ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്കെടുക്കാവുന്ന വായ്പ പരിധി ഓരോ സാമ്പത്തിക വര്‍ഷത്തിന്റേയും തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാരാണ് നിശ്ചയിച്ച് നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ 32,440 കോടി രൂപ പരിധി കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നേരത്തേ നിശ്ചയിച്ച് നല്‍കിയിരുന്നു.

എന്നാല്‍ വായ്പ എടുക്കാന്‍ അനുമതി നല്‍കിയത് 15390 കോടി രൂപയ്ക്ക് മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 23000 കോടി രൂപയായിരുന്നു. അതായത് കഴിഞ്ഞ വര്‍ഷത്തെ കണക്ക് വച്ച് നോക്കിയാല്‍ വീണ്ടും 8000 കോടിയുടെ കുറവാണ് വായ്പാ പരിധിയില്‍ ഉണ്ടായിരിക്കുന്നത്.

കിഫ്ബി പദ്ധതി നടത്തിപ്പിന് വേണ്ടിയെടുത്ത വായ്പകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളെടുത്ത വായ്പയുമെല്ലാം സംസ്ഥാനത്തിന്റെ മൊത്തം ബാധ്യതയായി കണക്കാക്കിയാണ് വായ്പാ പരിധിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം. 2023 ഡിസംബര്‍ വരെയുള്ള ഒമ്പത് മാസം എടുക്കാവുന്ന വായ്പ തുകക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ നേരത്തേ തന്നെ കേന്ദ്ര സര്‍ക്കാരിനെ ബന്ധപ്പെട്ടിരുന്നു.

ഇതിനുള്ള മറുപടിയിലാണ് നടപ്പ് സാമ്പത്തിക വര്‍ഷം ആകെ എടുക്കാവുന്ന തുക സംബന്ധിച്ച് കേന്ദ്രത്തിന്റെ അറിയിപ്പ്. ക്ഷേമ പെന്‍ഷന്‍ വിതരണം അടക്കമുള്ള കാര്യങ്ങള്‍ നിലവില്‍ തന്നെ ഗുരുതര പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇത് വലിയ തിരിച്ചടിയാണ്. വായ്പാ പരിധിയില്‍ പകുതിയോളം കുറഞ്ഞതോടെ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക നില കൂടുതല്‍ പ്രതിസന്ധിയിലാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.