19 തദ്ദേശ വാര്‍ഡുകളില്‍ നാളെ വോട്ടെടുപ്പ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണര്‍

19 തദ്ദേശ വാര്‍ഡുകളില്‍ നാളെ വോട്ടെടുപ്പ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാര്‍ഡുകളില്‍ ചൊവ്വാഴ്ച നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവും പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ ഏഴു മുതല്‍ വൈകുന്നേരം വൈകിട്ട് ആറു വരെയാണു വോട്ടെടുപ്പ്. രാവിലെ ആറിന് മോക്പോള്‍ നടത്തും. വോട്ടെണ്ണല്‍ മേയ് 31ന് രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും.

ഒന്‍പതു ജില്ലകളിലായി രണ്ട് കോര്‍പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് 
ഉപതിരഞ്ഞെടുപ്പ്‌. 60 സ്ഥാനാര്‍ഥികളില്‍ 29 പേര്‍ സ്ത്രീകളാണ്. 38 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയത്. പ്രശ്നബാധിത ബൂത്തുകളില്‍ വീഡിയോഗ്രാഫി നടത്തും. വോട്ടെടുപ്പിനും വോട്ടെണ്ണലിനും പ്രത്യേക പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തും.

സമ്മതിദായകര്‍ക്ക് വോട്ടു ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എല്‍സി ബുക്ക്, ദേശസാല്‍കൃത ബാങ്ക് ആറുമാസ കാലയളവിന് മുമ്പു വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം.

ഉപതിരഞ്ഞെടുപ്പു നടക്കുന്ന വാര്‍ഡുകള്‍: തിരുവനന്തപുരം ജില്ല: തിരുവനന്തപുരം കോര്‍പറേഷന്‍- മുട്ടട. പഴയകുന്നുമ്മേല്‍ പഞ്ചായത്ത്- കാനറ. കൊല്ലം: അഞ്ചല്‍ പഞ്ചായത്ത് തഴമേല്‍. പത്തനംതിട്ട: മൈലപ്ര പഞ്ചായത്ത്- പഞ്ചായത്ത് വാര്‍ഡ്. ആലപ്പുഴ: ചേര്‍ത്തല മുനിസിപ്പാലിറ്റി: മുനിസിപ്പല്‍ ഓഫീസ്. കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റി- പുത്തന്‍തോട്, മണിമല പഞ്ചായത്ത്- മുക്കട, പൂഞ്ഞാര്‍ പഞ്ചായത്ത്- പെരുന്നിലം, എറണാകുളം: നെല്ലിക്കുഴി പഞ്ചായത്ത്-തുളുശേരിക്കവല. പാലക്കാട്: പെരിങ്ങോട്ടുകുറിശി പഞ്ചായത്ത്- ബമ്മണ്ണൂര്‍, മുതലമട- പഞ്ചായത്ത്- പറയമ്പള്ളം, ലക്കിടി പേരൂര്‍ പഞ്ചായത്ത്- അകലൂര്‍ ഈസ്റ്റ്, കാഞ്ഞിരപ്പുഴ പഞ്ചായത്ത്- കല്ലമല, കരിമ്പ പഞ്ചായത്ത്- കപ്പടം. കോഴിക്കോട്: ചെങ്ങോട്ടുകാവ് പഞ്ചായത്ത് ചേലിയ ടൗണ്‍, പുതുപ്പാടി പഞ്ചായത്ത്- കണലാട്, വേളം പഞ്ചായത്ത്-കുറിച്ചകം. കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ പള്ളിപ്രം, ചെറുതാഴം പഞ്ചായത്ത്- കക്കോണി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.