റഷ്യൻ ഡ്രോൺ ആക്രമണത്തിനിടയിലും കീവ് ദിനാഘോഷവുമായി ഉക്രെയ്ൻ ജനത; കയ്യടിച്ച് ലോക മാധ്യമങ്ങൾ

റഷ്യൻ ഡ്രോൺ ആക്രമണത്തിനിടയിലും കീവ് ദിനാഘോഷവുമായി ഉക്രെയ്ൻ ജനത; കയ്യടിച്ച് ലോക മാധ്യമങ്ങൾ

കീവ്: ഉക്രെയ‍്ൻ തലസ്ഥാനമായ കീവിൽ വീണ്ടും റഷ്യയുടെ ഡ്രോ­ൺ ആക്രമണം. പെട്രോൾ സ്റ്റേ­ഷന് സമീപം നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷിങ്കോ പറഞ്ഞു. 59 കാമികേസ് ഡ്രോണുകളാണ് റഷ്യ വിക്ഷേപിച്ചത്. അതിൽ 58 എണ്ണം വെടിവച്ചിട്ടതായി ഉക്രെയ‍്‍ൻ വ്യോമസേന അറിയിച്ചു. ഡ്രോൺ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് കീവിലെ രണ്ട് കെട്ടിടങ്ങളിൽ തീപിടിത്തമുണ്ടായി. തെക്കൻ ഹോളാസ്‍യിവ്സ്കിയിലെ വെയർഹൗസുകൾ കത്തിനശിച്ചതായും പ്രാദേശിക ഭരണകൂടം അറിയിച്ചു.

1541 വർഷങ്ങൾക്ക് മുമ്പ് നഗരം സ്ഥാപിച്ചതിന്റെ വാർഷികവും പൊതു അവധിയുമായ കീവ് ദിന ആഘോഷങ്ങൾക്കിടെയാണ് ആക്രമണം. ഷെൽട്ടറുകളിൽ രാത്രി താമസിച്ചതിന്റെ ക്ഷീണം ഉണ്ടായിരുന്നിട്ടും കീവ് ദിനാഘോഷത്തിന്റെ ഭാ​ഗമായി നടന്ന കച്ചേരികൾ, ഫുഡ് സ്റ്റാളുകൾ എന്നിവയിൽ പങ്കെടുക്കാനും കരകൗശല പ്രദർശനങ്ങൾ ആസ്വദിക്കാനും ജനങ്ങൾ പകൽ സമയത്ത് തെരുവിലേക്ക് ഇറങ്ങി.

കൊടുമ്പിരികൊള്ളുന്ന യുദ്ധ ഭീഷണിയിലും ന​ഗരത്തിന്റെ വാർഷികം ആഘോഷിക്കാനിറങ്ങിയ ജനതയെ ലോക മാധ്യമങ്ങളടക്കം പ്രകീർത്തിച്ചു. ശക്തി ജനങ്ങളിലാണ്, അത് നഗരങ്ങളിലാണ്, അത് ജീവിതത്തിലാണ്, ജീവിതത്തെയും ആളുകളെയും സംസ്കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളെയും നിന്ദിക്കുമ്പോൾ റഷ്യ പരാജയം മാത്രമേ നേരിടൂവെന്ന് സെലെൻസ്കി പറഞ്ഞു.

അധിനിവേശം ആ­രംഭിച്ചതിന് ശേഷം തലസ്ഥാന നഗരത്തിനെതിരായി നടത്തുന്ന ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണിതെന്ന് പ്രാദേശിക സൈ­നിക ഭരണകൂടം പറഞ്ഞു. കീവിൽ മാത്രം 40 ഡ്രോണുകളാണ് വെടിവച്ചിട്ടത്. ഈ മാസം കീവിൽ റഷ്യ നടത്തുന്ന പതിനാലാമത്തെ ഡ്രോ­­ൺ ആക്രമണമാണിത്.

കീവിന് പടിഞ്ഞാറുള്ള സെെറ്റോമിർ നഗരത്തിലും സ്ഫോടനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഉക്രെയ‍്ൻ സേന പ്രത്യാക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് പ്രതിരോധത്തെ മറികടക്കാൻ റഷ്യ കീവിൽ ആക്രമണം കടുപ്പിക്കുന്നത്. വടക്ക് പ­ടിഞ്ഞാറ് വോളിൻ മുതൽ തെ­ക്ക് കിഴക്ക് നിപ്രോപെട്രോവ്ക്സ് വരെയുള്ള ഉക്രെയ‍‍്നിലെ 12 പ്രദേശങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ് സജീവമാക്കിയിരുന്നു. ആളുകൾ ഷെൽട്ടറുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മേയർ ആവശ്യപ്പെട്ടു.കാമിക്കേസ് ഡ്രോണുകളും ക്രൂയിസ് ബാലിസ്റ്റിക് മിസെെലുകളുടെ ശ്രേ­ണിയും സമീപകാല ആക്രമണങ്ങളിൽ റഷ്യ സജീവമായി ഉപയോഗിക്കുന്നുണ്ട്.

എന്നാൽ ആക്രമണത്തെക്കുറിച്ച് മോസ്കോ പ്രതികരിച്ചില്ല. ഉക്രെയ്നിൽ മോസ്കോയുടെ ലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറ‍ഞ്ഞു. മൂന്ന് ദശലക്ഷത്തോളം ജനസംഖ്യയുള്ള ഏറ്റവും വലിയ ഉക്രേനിയൻ നഗരമായ കീവിലെ നിരവധി ജില്ലകൾ ഒറ്റ രാത്രികൊണ്ട് ആക്രമണം നേരിട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. അർദ്ധരാത്രിക്ക് ശേഷം ആരംഭിച്ച വ്യോമാക്രമണ അലേർട്ടുകൾക്കിടയിൽ നിരവധി ആളുകൾ അവരുടെ ബാൽക്കണിയിൽ നിന്നുകൊണ്ട് റഷ്യയുടെ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് നേരെ ആക്രോശങ്ങളും മുദ്രാവാക്യങ്ങളും മുഴക്കി. 

യുദ്ധവിമാനങ്ങളുടെയും മൊബൈൽ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെയും സംയോജനമാണ് ഡ്രോണുകൾ തകർക്കാൻ ഉപയോഗിച്ചതെന്ന് ഉക്രേനിയൻ വ്യോമസേനാ വക്താവ് യൂറി ഇഹ്നത്ത് ഉക്രേനിയൻ പറഞ്ഞു. റഷ്യൻ സൈന്യം കനത്ത പീരങ്കി ആക്രമണം നടത്തിയെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബഖ്മുട്ടിൽ ഒരു സൈനിക ഏറ്റുമുട്ടൽ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് ഉക്രെയ്നിന്റെ കിഴക്കൻ സൈനിക ഗ്രൂപ്പിന്റെ വക്താവ് സെർഹി ചെരെവതി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.