ഈ അധ്യയന വര്‍ഷത്തെ സംസ്ഥാനതല പ്രവേശനോത്സവം മലയിന്‍കീഴ് വിദ്യാലയത്തില്‍ ജൂണ്‍ ഒന്നിന് നടക്കും

ഈ അധ്യയന വര്‍ഷത്തെ സംസ്ഥാനതല പ്രവേശനോത്സവം മലയിന്‍കീഴ് വിദ്യാലയത്തില്‍ ജൂണ്‍ ഒന്നിന് നടക്കും

തിരുവനന്തപുരം: മലയിന്‍കീഴ് വിദ്യാലയത്തിലാണ് ഈ വര്‍ഷത്തെ സംസ്ഥാനതല പ്രവേശനോത്സവം ജൂണ്‍ ഒന്നിന് നടക്കുമെന്നു വിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി. പ്രവേശനോത്സവത്തോടു അനുബന്ധിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിവിധ വകുപ്പുകളുടെ തയ്യാറെടുപ്പുകള്‍ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രവേശനോത്സവത്തോടു കൂടിയാണ് എല്ലാ വിദ്യാലയങ്ങളിലും അധ്യയന വര്‍ഷം ആരംഭിക്കുന്നത്. സ്‌കൂള്‍തലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെയാണ് പ്രവേശനോത്സവം സംഘടിപ്പിക്കുക.

അധ്യയന വര്‍ഷം എല്ലാ സ്‌കൂളുകള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്ഥാപനങ്ങള്‍ ക്ലാസുകള്‍ മറ്റ് വാടക കെട്ടിടത്തിലോ മറ്റ് സ്ഥാപനങ്ങളിലോ ആണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഈ കെട്ടിടങ്ങള്‍ കൂടി പരിശോധിച്ച് ഫിറ്റ്‌നസ് ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിക്കുന്നുണ്ട്.

സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അറ്റകുറ്റ പണികള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൂര്‍ത്തീകരിക്കുന്നുണ്ട്. കുടുംബശ്രീ, ക്ലീന്‍ കേരളമിഷന്‍ എന്നിവരുമായി ചേര്‍ന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുളള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. വിദ്യാലയങ്ങളില്‍ കുടിവെളളത്തിനായി സ്ഥാപിച്ചിട്ടുളള ഫില്‍ട്ടറോ പ്യൂരിഫയറോ പ്രവര്‍ത്തന ക്ഷമമാണെന്ന് ഉറപ്പാക്കണം.

വിദ്യാലയത്തില്‍ കുട്ടികളെ എത്തിക്കുന്ന അതാത് സ്ഥാപനത്തിന്റയോ സ്വകാര്യ വാഹനങ്ങളുടെയോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുളള നടപടികളും സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കുളള ബോധവല്‍ക്കരണ പരിപാടികളും സ്വീകരിച്ചു വരുന്നു. അമിതമായി കുട്ടികളെ കയറ്റി യാത്ര നടത്തുന്ന പ്രവണത ഒഴിവാക്കുന്നതിനുളള പരിശോധന നടത്തും. ജലഗതാഗത സുരക്ഷയും ഉറപ്പു വരുത്തും.

വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സമീപ പ്രദേശങ്ങളിലുളള കടകള്‍, ചെറുവ്യാപാര സ്ഥാപനങ്ങള്‍ എന്നിവ പരിശോധിച്ച് ലഹരി വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുകയും സ്‌കൂള്‍തല ജനജാഗ്രത സമിതിയുമായി ചേര്‍ന്ന് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവേശനോത്സവ ഗാനത്തിന്റെ രചന നിര്‍വഹിച്ചത് മുരുകന്‍ കാട്ടാക്കടയും സംഗീതം വിജയ് കരുണുമാണ് നല്‍കിയത്. ചലച്ചിത്ര പിന്നണി ഗായിക മഞ്ജരിയാണ് ഗാനം ആലപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.