ഭക്ഷണം പാഴാക്കുന്നതും പട്ടിണിയും നിർമാർജനം ചെയ്യാൻ കാരിത്താസ് സംഘടന; പ്രചോദനം ഫ്രാൻസിസ് മാർപ്പാപ്പയുടെ ഫ്രത്തെല്ലി തൂത്തി

ഭക്ഷണം പാഴാക്കുന്നതും പട്ടിണിയും നിർമാർജനം ചെയ്യാൻ കാരിത്താസ് സംഘടന; പ്രചോദനം ഫ്രാൻസിസ് മാർപ്പാപ്പയുടെ ഫ്രത്തെല്ലി തൂത്തി

വത്തിക്കാൻ സിറ്റി: ലോകജനതക്ക് മുഴുവനുമുള്ള ഭക്ഷണം ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും ഇപ്പോഴും 800 മില്യണിലധികം ആളുകൾ ദാരിദ്ര്യത്തിലാണ്. അവരിൽ ഭൂരിഭാ​ഗവും സ്ത്രീകളും കുട്ടികളുമാണ്. ഫ്രാൻസിസ് മാർപ്പാപ്പയുടെ ചാക്രിക ലേഖനമായ ഫ്രത്തെല്ലി തൂത്തിയിലെ പ്രചോദനം ഉൾക്കൊണ്ട് ലോക വിശപ്പ് ദിനത്തിൽ ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കാനുള്ള പ്രയ്തനങ്ങളുമായി അന്താരാഷ്ട്ര കാരിത്താസ് സംഘടന.

ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും ദുരവസ്ഥയിലൂടെ കടന്നുപോകുന്ന ജനലക്ഷങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പുത്തൻ നീക്കം. മാരകമായ വിശപ്പ് അവസാനിപ്പിക്കാൻ സുസ്ഥിരമായ കൃഷി, ഭക്ഷ്യോത്പാദകമാർഗ്ഗങ്ങൾ എന്നിവ പ്രോത്സാഹിക്കപ്പെടേണ്ടതുണ്ടെന്ന് കാരിത്താസ് സംഘടന പറഞ്ഞു.

ലോകത്ത് ഭക്ഷണ മാലിന്യം കുറയ്ക്കുന്നതിലൂടെയും, പ്രാദേശിക ഭക്ഷണ സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും വിശപ്പിനെതിരെ പോരാടാനും ഭാവി തലമുറയ്ക്കായി നമ്മുടെ ഭൂമിയെ സംരക്ഷിച്ചു കൊണ്ടുപോകാനും സാധിക്കുമെന്നും കാരിത്താസ് ഓർമ്മിപ്പിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന സംഘർഷങ്ങൾ, കോവിഡ് മഹാമാരി സൃഷ്‌ടിച്ച പ്രതിസന്ധി, ജീവിതചിലവുകളിൽ ഉണ്ടായ വർദ്ധനവ് തുടങ്ങിയ നിരവധി കാരണങ്ങൾ മൂലം ദശലക്ഷക്കണക്കിന് ആളുകളാണ് പോഷകാഹാരക്കുറവ് അനുഭവിക്കുന്നത്.

ഫ്രാൻസിസ് മാർപ്പാപ്പയുടെ ഫ്രത്തെല്ലി തൂത്തി എന്ന ചാക്രിക ലേഖനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ സംരഭം. പൊതു ഭവനമായ ഭൂമി സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഈ ചാക്രിക ലേഖനത്തിൽ മാർപ്പാപ്പ ഊന്നി പറയുന്നു. ഭൂമിയിലെ ജനങ്ങൾക്കെല്ലാവർക്കും ആവശ്യമായ ഭക്ഷണം ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്. അതിൽ തുല്യമായ അവകാശം ഏവർക്കും ഉള്ളതാണെന്നും അത് എല്ലാവർക്കും ലഭ്യമാക്കണമെന്നും പാപ്പ എടുത്തു പറയുന്നു.

പൊതു സംവാദങ്ങളിൽ സമൂഹത്തിലെ ഉന്നതർക്കും ശാസ്ത്രജ്ഞർക്കും മാത്രമേ സംസാരിക്കാനാകൂ എന്ന രീതി അംഗീകരിക്കാനാകില്ലെന്ന് ചാക്രിക ലേഖനം വ്യക്തമാക്കിയിട്ടുണ്ട്. സുസ്ഥിരമായ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും, കാലാവസ്ഥാവ്യതിയാനവുമായി പൊരുത്തപ്പെടാനുമായി പ്രാദേശിക സമൂഹങ്ങളോട് ചേർന്നും വിശപ്പ് അകറ്റുവാൻ സഹായിക്കുന്ന നയങ്ങൾ സാധ്യമാക്കുവാൻ ലോക നേതാക്കളോടും നിയമനിർമ്മാതാക്കളോടും ചേർന്നും കാരിത്താസ് സംഘടന പ്രവർത്തിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ആഫ്രിക്ക, ഏഷ്യ തുടങ്ങി വിവിധ ഭൂഖണ്ഡങ്ങളിൽ വരൾച്ച, വെള്ളപ്പൊക്കം, കഠിനമായ കാലാവസ്ഥാവ്യതിയാനങ്ങൾ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളിൽ പട്ടിണിയെ അതിജീവിക്കാനായുള്ള ശ്രമങ്ങൾ കാരിത്താസ് സംഘടന നടത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.