കോണ്‍ഗ്രസില്‍ കലാപം തുടങ്ങി... നേതൃത്വം മാറണമെന്ന് സുധാകരന്‍; വാളെടുത്തവരെല്ലാം വെളിച്ചപ്പാടുമാരെന്ന് ഉണ്ണിത്താന്‍

കോണ്‍ഗ്രസില്‍ കലാപം തുടങ്ങി... നേതൃത്വം മാറണമെന്ന് സുധാകരന്‍;  വാളെടുത്തവരെല്ലാം വെളിച്ചപ്പാടുമാരെന്ന് ഉണ്ണിത്താന്‍

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിനെ അപ്രതീക്ഷത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് കളമൊരുങ്ങുന്നു. വെല്‍ഫെയര്‍ ബാന്ധവത്തിന്റെ പേരില്‍ നേതാക്കള്‍ തമ്മിലുണ്ടായ അഭിപ്രായ ഭിന്നത കൂടുതല്‍ രൂക്ഷമാകുന്നു. കോണ്‍ഗ്രസ് രക്ഷപെടണമെങ്കില്‍ കെപിസിസി നേതൃത്വം മാറണമെന്ന് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ ഇപ്പോള്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടുമാരാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി തുറന്നടിച്ചു.

കെപിസിസി പ്രസിഡന്റ് ഒന്നു പറയുന്നു. യുഡിഎഫ് കണ്‍വീനര്‍ വേറൊന്നു പറയുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന് ജനങ്ങളുമായുള്ള ബന്ധം അറ്റുപോയെന്ന് ഉണ്ണിത്താന്‍ വിമര്‍ശിച്ചു. നേതൃത്വം തോല്‍വിയുടെ ആഴം മനസ്സിലാക്കണം. ഇല്ലെങ്കില്‍ വലിയ അപകടമുണ്ടാകും. കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി അനിവാര്യമാണ്. സംഘടനാ തലത്തില്‍ ദൗര്‍ബല്യമുണ്ട്. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ശക്തമായ നേതൃത്വം ഇല്ലാത്തതും ഒരു കാരണമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

അതേസമയം, ന്യൂനപക്ഷം അകന്നത് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. യുഡിഎഫിന്റെ ശക്തിയാണ് ന്യൂനപക്ഷം. ഈ വിഭാഗം അകന്നുപോയത് പാര്‍ട്ടി വിലയിരുത്തണമെന്ന് പി ജെ കുര്യന്‍ ആവശ്യപ്പെട്ടു. മുമ്പുകാലത്ത് കോണ്‍ഗ്രസില്‍ താഴേതട്ടു വരെ ശക്തമായ കമ്മിറ്റികളും പ്രവര്‍ത്തനവുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരം കമ്മിറ്റികള്‍ ഇല്ല. ഉള്ളതിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചിരിക്കുകയാണ്. പാര്‍ട്ടിയിലെ ഗ്രൂപ്പിസമാണ് ഇതിന് കാരണമെന്നും പി ജെ കുര്യന്‍ പറഞ്ഞു.

ഇപ്പോള്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള നോമിനേഷനുകളാണ് നടത്തുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍പ്പോലും ഗ്രൂപ്പ് വിതം വെപ്പാണ് നടന്നത്. മെറിറ്റിനേക്കാള്‍ ഗ്രൂപ്പിനാണ് പരിഗണന നല്‍കിയത്. മെറിറ്റിന് പ്രഥമ പരിഗണന നല്‍കിയിരുന്നെങ്കില്‍ ഇത്തരമൊരു അവസ്ഥ വരില്ലായിരുന്നു.

ചിലയിടങ്ങളില്‍ നോട്ടീസോ അഭ്യര്‍ത്ഥനയോ അടിക്കാന്‍ പോലും പണമില്ലാതെ, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ കണ്ടു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നോട്ടക്കുറവും ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായെന്ന് പി ജെ കുര്യന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.