ഇന്ന് മോഡി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികം: ആഘോഷം ഗംഭീരമാക്കാന്‍ ബിജെപി; ഒമ്പത് ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ്

ഇന്ന് മോഡി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികം: ആഘോഷം ഗംഭീരമാക്കാന്‍ ബിജെപി; ഒമ്പത് ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ ഒമ്പതാം വാര്‍ഷികം ഇന്ന്. വാര്‍ഷികാഘോഷം ഗംഭീരമാക്കാന്‍ വന്‍ പരിപാടികളാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്.

ഇന്ന് മുതല്‍ ജൂണ്‍ 30 വരെ മഹാ ജനസമ്പര്‍ക്ക അഭിയാന്‍ എന്ന പേരില്‍ ബിജെപി പ്രചാരണം നടത്തും. രാജ്യത്തുടനീളം 50 ഓളം റാലികളും പാര്‍ട്ടി സംഘടിപ്പിക്കും. ഇതില്‍ 20 ലധികം റാലികളില്‍ പ്രധാനമന്ത്രി പങ്കെടുക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒന്‍പത് വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും ഇനി നടപ്പാക്കാന്‍ പോകുന്നവയെക്കുറിച്ചും വിവരിക്കാന്‍ എല്ലാ കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളില്‍ ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ അവരവര്‍ക്ക് ചുമതലയുള്ള സംസ്ഥാനങ്ങളിലെത്തും. ഒന്‍പത് വര്‍ഷത്തെ നേട്ടങ്ങള്‍ മേഖലാ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ വിവരിക്കും.

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഒന്‍പത് വര്‍ഷത്തെ നേട്ടങ്ങള്‍ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിവരിക്കുന്നതാണ് പരിപാടി. ഇതിന്റെ ഭാഗമായി കേന്ദ്ര കൃഷി മന്ത്രി ശോഭാ കരന്തലജെ കേരളത്തിലെ പ്രചാരണത്തിന് തുടക്കമിട്ടു. കേന്ദ്രത്തിന്റെ ആനുകൂല്യങ്ങള്‍ സ്വീകരിച്ച് സംസ്ഥാനങ്ങള്‍ നേട്ടം കൊയ്യുന്നവെന്ന കുറ്റപ്പെടുത്തലും പ്രചാരണത്തിലുണ്ട്.


കഴിഞ്ഞ ദിവസം പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു. 2024 തിരഞ്ഞെടുപ്പിന്റെ പൊതു ചിത്രവും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പ്രചാരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.

'രാഷ്ട്ര സേവനത്തില്‍ ഒമ്പത് വര്‍ഷം തികയുമ്പോള്‍ സ്‌നേഹവും നന്ദിയുമാണ് എന്നില്‍ നിറയുന്നത്. സര്‍ക്കാര്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും നടപ്പാക്കിയ എല്ലാ പദ്ധതികളും ജനജീവിതം മെച്ചപ്പെടുത്തണമെന്ന ആഗ്രഹത്താല്‍ നയിക്കപ്പെട്ടതാണ്. വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യും' - പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു .

'ഇന്ന് ഒരു വശത്ത്, മോഡിജിയുടെ നേതൃത്വത്തില്‍ രാജ്യം സുരക്ഷിതമാണ്. ലോകത്തില്‍ അഭിമാനത്തിന്റെ പുതിയ മാനങ്ങള്‍ സൃഷ്ടിക്കുന്നു. മറുവശത്ത്, ദരിദ്രരുടെ വികസനത്തിന്റെയും ക്ഷേമത്തിന്റെയും പുതിയ മാനദണ്ഡങ്ങള്‍ സര്‍ക്കാരിനുണ്ട്'- കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ച് ട്വീറ്റ് ചെയ്തു.

അതിനിടെ ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ബിജെപി സര്‍ക്കാരിനോട് ഒമ്പത് സുപ്രധാന ചോദ്യങ്ങളുമായി കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.