കര്‍ഷക സമരത്തിന് ജീവൻ നൽകി സിഖ് പുരോഹിതന്റെ ഐക്യദാര്‍ഢ്യം

കര്‍ഷക സമരത്തിന്  ജീവൻ നൽകി സിഖ് പുരോഹിതന്റെ ഐക്യദാര്‍ഢ്യം

ന്യൂഡല്‍ഹി: കാർഷിക നിയമത്തിനെതിരെയുള്ള കർഷകരുടെ സമരം ദിവസങ്ങളായി അരങ്ങേറുകയാണ്. എന്നിട്ടും കർഷകർക്കനുകൂലമായി യാതൊരു തീരുമാനവും കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടില്ല. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ഹരിയാനയിലെ പുരോഹിതനായ ബാബ രാം സിംഗ് തോക്കുപയോഗിച്ച്‌ ആത്മഹത്യ ചെയ്തിരുന്നു. കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് തന്റെ ആത്മഹത്യയെന്നാണ് അദ്ദേഹം ആത്മഹത്യകുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

കര്‍ഷകര്‍ അവരുടെ അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങുന്നു. സര്‍ക്കാര്‍ അവര്‍ക്ക് നീതി നല്‍കുന്നില്ല എന്നത് എന്നെ ഏറെ വേദനിപ്പിക്കുന്നു. അടിച്ചമര്‍ത്തുന്നത് പാപമാണ്, എന്നാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. സന്ത് ബാബ റാം സിംഗിന്റെ ആത്മഹത്യയില്‍ അന്വേഷണം ആരംഭിച്ചതായി ഹരിയാന പോലീസ് അറിയിച്ചു.

സിഖ് പുരോഹിതന്‍ സന്ത് ബാബ റാം സിംഗിന്റെ ആത്മഹത്യയില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ നയം കാരണം രാജ്യത്ത് ഇതിനോടകം നിരവധി കര്‍ഷകര്‍ ദുരന്തം അനുഭവിച്ചു എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.

അതേസമയം സിഖ് പുരോഹിതന്‍ സന്ത് ബാബ റാം സിംഗിന്റെ ആത്മഹത്യയെ കുറിച്ചുള്ള വാര്‍ത്ത വേദന ഉണ്ടാക്കുന്നതാണെന്നു ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജരിവാള്‍ പറഞ്ഞു. സര്‍ക്കാര്‍ കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നും കെജരിവാള്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.