ഗംഗയുടെ തീരത്ത് വികാര നിര്‍ഭരമായ നിമിഷങ്ങള്‍; മെഡലുകളുമായി നിറകണ്ണുകളോടെ ഗുസ്തി താരങ്ങള്‍

ഗംഗയുടെ തീരത്ത് വികാര നിര്‍ഭരമായ നിമിഷങ്ങള്‍; മെഡലുകളുമായി നിറകണ്ണുകളോടെ ഗുസ്തി താരങ്ങള്‍

ന്യൂഡല്‍ഹി: തങ്ങള്‍ രാജ്യത്തിനു വേണ്ടി നേടിയ മെഡലുകളെല്ലാം ഗംഗയില്‍ ഒഴുക്കാന്‍ അവസാനം ഗുസ്തി താരങ്ങള്‍ എത്തി. ലൈംഗികാതിക്രമ പരാതിയില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെ അറസ്റ്റ് ചെയ്യാത്തതിലും ഞായറാഴ്ച നടന്ന പൊലീസ് നടപടിക്കെതിരെയും കടുത്ത പ്രതിഷേധങ്ങളിലേക്കാണ് രാജ്യത്തിന്റെ അഭിമാന താരങ്ങള്‍ കടന്നത്.

'മഹാപഞ്ചായത്ത്' എന്ന പേരില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള മാര്‍ച്ചിന് മുന്നോടിയായി ഗുസ്തിക്കാരും അനുയായികളും സുരക്ഷാ വലയം ലംഘിച്ചപ്പോള്‍ ഒളിമ്പിക്, ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാക്കളെ പൊലീസ് വലിച്ചിഴയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തു വന്നതു ചര്‍ച്ചകള്‍ക്കു വഴിവെച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് ലൈംഗികാതിക്രമ പരാതികളാണ് ബ്രിജ് ഭൂഷണെതിരെയുള്ളത്. ഏപ്രില്‍ 23 മുതലാണ് ഡല്‍ഹിയില്‍ ഗുസ്തി താരങ്ങള്‍ സമരം നടത്തുന്നത്.

ഈ മെഡലുകള്‍ ഞങ്ങളുടെ ജീവനും ആത്മാവുമാണ്. ഞങ്ങള്‍ അവയെ ഗംഗയില്‍ നിമജ്ജനം ചെയ്യാന്‍ പോകുന്നു; അതിനുശേഷം ജീവിച്ചിട്ട് കാര്യമില്ല. ഞങ്ങള്‍ ഇന്ത്യാ ഗേറ്റില്‍ മരണം വരെ നിരാഹാര സമരം നടത്തുമെന്നാണ് പറഞ്ഞത്. 2016 റിയോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവായ സാക്ഷി മാലിക് ഹിന്ദിയില്‍ എഴുതിയ പ്രസ്താവനയില്‍ പറഞ്ഞു. ഇതേ പ്രസ്താവന പ്രതിഷേധിക്കുന്ന മറ്റ് ഗുസ്തിക്കാരും പങ്കിട്ടു. ഈ രാജ്യത്തെ നിയമ സംവിധാനം തങ്ങളെ വിലകുറഞ്ഞ രീതിയില്‍ കൈകാര്യം ചെയ്തതിനാല്‍ ഈ രാജ്യത്ത് തങ്ങള്‍ക്കായി ഒന്നും അവശേഷിക്കുന്നില്ലെന്ന് വനിതാ ഗുസ്തി താരങ്ങള്‍ പ്രതികരിച്ചു.

ഞായറാഴ്ച സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ തുടങ്ങിയവരടക്കമുള്ള കായിക താരങ്ങളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പത്ത് മണിക്കൂറിന് ശേഷമാണ് താരങ്ങളെ വിട്ടയച്ചതും. സമരത്തെ ക്രൂരമായി നേരിട്ട നടപടിയില്‍ താരങ്ങള്‍ കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തിയതു.

ലൈംഗികാതിക്രമ പരാതിയില്‍ ബിജെപി എംപിയായ ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ഡല്‍ഹി ജന്തര്‍ മന്തറിലേക്ക് പ്രവേശിപ്പിക്കാതെ പൊലീസും നടപടി കടുപ്പിച്ചു. ജന്തര്‍ മന്തറിലേക്കുള്ള വഴി പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് പൂര്‍ണമായും അടച്ചതിലൂടെ സമരത്തിനു തടയിടാനാണ് ശ്രമം. കൂടാതെ, ഗുസ്തിക്കാര്‍ക്കെതിരെ കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുപ്രവര്‍ത്തകരെ അവരുടെ ജോലി ചെയ്യുന്നതില്‍ നിന്ന് തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിത്തുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.