രാഷ്ട്രീയ കിസാന്‍ മഹാസംഘ് കര്‍ഷക പ്രതിഷേധം ഹൈക്കോടതിയിലേയ്ക്ക്; വന്യ മൃഗശല്യം - വിദഗ്ദ്ധ സമിതിയെ പിരിച്ചുവിടണം

രാഷ്ട്രീയ കിസാന്‍ മഹാസംഘ് കര്‍ഷക പ്രതിഷേധം ഹൈക്കോടതിയിലേയ്ക്ക്; വന്യ മൃഗശല്യം - വിദഗ്ദ്ധ സമിതിയെ പിരിച്ചുവിടണം

കൊച്ചി: വന്യ മൃഗങ്ങള്‍ക്ക് കടിച്ചു കീറാന്‍ മനുഷ്യനെ എറിഞ്ഞു കൊടുക്കുന്ന ക്രൂരതയ്ക്ക് നീതി പീഠങ്ങള്‍ ഒത്താശ ചെയ്യുന്നതിനെതിരെ പ്രതികരിക്കാന്‍ പൊതു സമൂഹം മുന്നോട്ടു വരണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

അരിക്കൊമ്പന്‍ വിഷയത്തില്‍ യാതൊരു വൈദഗ്ദ്ധ്യവുമില്ലാത്ത 5 പേരെ ചേര്‍ത്ത് വിദഗ്ദ്ധ സമിതിയുണ്ടാക്കി അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആനയെ കാട്ടില്‍ തുറന്നു വിട്ടപ്പോള്‍ ഭയാനകമായ കാര്യങ്ങളാണ് ഉണ്ടായിട്ടുള്ളത്.

വിദഗ്ദ്ധ സമിതി പറഞ്ഞതല്ല മറിച്ച് വലിയ അറിവുകളില്ലാത്ത കര്‍ഷ കസംഘടനാ നേതാക്കളും കര്‍ഷകരും പറഞ്ഞതാണ് സംഭവിച്ചത്. തീവ്ര പരിസ്ഥിതി വാദികളും വിദേശ ഫണ്ട് കൈപ്പറ്റുന്നവരുമുള്‍ക്കൊള്ളുന്ന വിദഗ്ദ്ധ സമിതി പിരിച്ചുവിട്ട് ചീഫ് സെക്രട്ടറിയെയും ബന്ധപ്പെട്ട വകുപ്പുതല സെക്രട്ടറിമാരെയും കര്‍ഷക സംഘടനാ നേതാക്കളെയുമുള്‍പ്പെടുത്തി പുതിയ വിദഗ്ദ്ധ സമിതി രൂപീകരിക്കണം. ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ഹൈക്കോടതി നടപ്പിലാക്കുക, വന്യ മൃഗശല്യം - വിദഗ്ദ്ധ സമിതി പിരിച്ചുവിടുക, മൃഗങ്ങളേക്കാള്‍ മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കമ്മറ്റി ഭാരവാഹികള്‍ ഹൈക്കോടതിയിലേയ്ക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.സി. സെബാസ്റ്റ്യന്‍. വന്യമൃഗ അക്രമത്തില്‍ മരണപ്പെടുന്ന മനുഷ്യന്റെ ജീവന് 10 ലക്ഷം വിലയിടുന്ന അധികാര നേതൃത്വങ്ങള്‍ പൊതു സമൂഹത്തിന് അപമാനമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. 

സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് പറഞ്ഞ വിധി പ്രകാരം, കേരള ഹൈക്കോടതി മൃഗങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം മാറ്റിവെച്ച് മനുഷ്യന് ഭരണഘടനാ അവകാശങ്ങള്‍ നല്‍കണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് നാഷണല്‍ കോര്‍ഡിനേറ്റര്‍ അഡ്വ. കെ.വി. ബിജു മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. സംസ്ഥാന വൈസ് ചെയര്‍മാന്‍ ജോയി കണ്ണഞ്ചിറ ആമുഖ പ്രഭാഷണം നടത്തി.  

വിവിധ കര്‍ഷക സംഘടനാ നേതാക്കളായ ഡോ. ജോസുകുട്ടി ഒഴുകയില്‍ (മലനാട് കര്‍ഷക സമിതി), വി.ബി.രാജന്‍ (കെകെഎഎസ്), ഡിജോ കാപ്പന്‍ (കിസാന്‍ മഹാസംഘ്), ജോര്‍ജ് സിറിയക് (ഡികെഎഫ്), മനു ജോസഫ് (ജൈവ കര്‍ഷക സമിതി), സണ്ണി തുണ്ടത്തില്‍ (ഇന്‍ഫാം), ജോയി കണ്ണാട്ടുമണ്ണില്‍ (വി.ഫാം), വി. രവീന്ദ്രന്‍ (ദേശീയ കര്‍ഷകസമാജം), വര്‍ഗീസ് കൊച്ചുകുന്നേല്‍ (ഐഫ), സിറാജ് കൊടുവായൂര്‍ (എച്ച് ആര്‍ പി ഇ എം), റോജര്‍ സെബാസ്റ്റ്യന്‍ (വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍), ജെയിംസ് പന്ന്യാമാക്കല്‍ (കര്‍ഷക ഐക്യവേദി), പി എം സണ്ണി (ദേശീയ കര്‍ഷക സമിതി), ജോര്‍ജ് പള്ളിപ്പാടന്‍ (ഫാര്‍മേഴ്‌സ് റലീഫ് ഫോറം), ഷാജി തുണ്ടത്തില്‍ (ആര്‍.കെ.എം.എസ്.), കെ.പി.ഏലിയാസ് (കര്‍ഷക സംരക്ഷണ സമിതി), റോസ് ചന്ദ്രന്‍, ജോണ്‍സണ്‍ പന്തലൂക്കാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും അരിക്കൊമ്പന്‍ വിദഗ്ദ്ധ സമിതി പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രീയ കിസാന്‍ മഹാസംഘ് കേരള ഹൈക്കോടതിക്ക് മുമ്പിലേയ്ക്ക് നടത്തിയ കര്‍ഷക പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു കൊണ്ട് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ സംസാരിക്കുന്നു. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ്, നാഷണല്‍ കോര്‍ഡിനേറ്റര്‍ അഡ്വ. കെ.വി. ബിജു, ഡോ. ജോസുകുട്ടി ഒഴുകയില്‍, ജോയി കണ്ണഞ്ചിറ, മനു ജോസഫ്, ജോര്‍ജ് സിറിയക് തുടങ്ങിയവര്‍ സമീപം. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.