ടൂത്ത് പേസ്റ്റിന് ആറ് രൂപ കൂടുതല്‍ വാങ്ങി; സൂപ്പര്‍ മാര്‍ക്കറ്റിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമീഷന്‍

ടൂത്ത് പേസ്റ്റിന് ആറ് രൂപ കൂടുതല്‍ വാങ്ങി; സൂപ്പര്‍ മാര്‍ക്കറ്റിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമീഷന്‍

മലപ്പുറം: ടൂത്ത് പേസ്റ്റിന് എംആര്‍പിയേക്കാള്‍ അധികവില ഈടാക്കിയ സൂപ്പര്‍ മാര്‍ക്കറ്റിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമീഷന്‍. മഞ്ചേരി അരുകിഴായ സ്വദേശി നിര്‍മല്‍ നല്‍കിയ പരാതിയിലാണ് മലപ്പുറം ജില്ല ഉപഭോക്തൃ കമീഷന്‍ പിഴ വിധിച്ചത്. 

വിധിയുടെ പകര്‍പ്പ് കിട്ടി ഒരു മാസത്തിനകം തുക നല്‍കണം. ഇല്ലെങ്കില്‍ വൈകുന്നത്ര കാലം ഒമ്പതു ശതമാനം പലിശ നല്‍കണമെന്നും കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ കമീഷന്‍ ഉത്തരവിട്ടു. 

2022 സെപ്റ്റംബര്‍ 23 നാണ് പരാതിക്കാരന്‍ മഞ്ചേരിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ടൂത്ത് പേസ്റ്റ് വാങ്ങിയത്. എംആര്‍പി 164 രൂപയായിരുന്ന ടൂത്ത് പേസ്റ്റിന് 170 രൂപയാണ് ഈടാക്കിയത്. അധികതുക തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഈ വിലക്കേ നല്‍കാനാകൂവെന്നും വേണമെങ്കില്‍ മറ്റെവിടെനിന്നെങ്കിലും സാധനം വാങ്ങിക്കാമെന്നുമായിരുന്നു പ്രതികരണം. തുടര്‍ന്നാണ് ഉപഭോക്തൃ കമീഷനില്‍ പരാതി നല്‍കിയത്.

പരാതിക്കാരന്‍ ഹാജരാക്കിയത് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് നല്‍കിയ ടൂത്ത് പേസ്റ്റല്ലെന്നും കടയുടമയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ പരാതി നല്‍കിയതാണെന്നുമുള്ള എതിര്‍കക്ഷിയുടെ വാദം കമ്മീഷന്‍ അംഗീകരിച്ചില്ല. ഉപഭോക്താവിനോട് എങ്ങനെ പെരുമാറരുതെന്നതിന്റെ ഉദാഹരണമാണ് പരാതിക്കാരന്റെ അനുഭവമെന്ന് പരാമര്‍ശിച്ച കമ്മീഷന്‍ 10,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരമായി നല്‍കാനും കോടതി ചെലവിനത്തില്‍ 3000 രൂപ ലീഗല്‍ ബെനഫിറ്റ് ഫണ്ടില്‍ അടക്കാനും ഉത്തരവിട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.