ഗുസ്തി താരങ്ങളുടെ പ്രതിഷേധം: അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇടപെടുന്നു; സമരം ശക്തമാക്കാന്‍ ഇന്ന് മഹാ ഖാപ് പഞ്ചായത്ത്

ഗുസ്തി താരങ്ങളുടെ പ്രതിഷേധം: അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇടപെടുന്നു; സമരം ശക്തമാക്കാന്‍ ഇന്ന് മഹാ ഖാപ് പഞ്ചായത്ത്

ന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിങിനെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധത്തില്‍ ഇടപെട്ട് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി).

താരങ്ങളോടുള്ള സമീപനം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സംഭവത്തില്‍ പക്ഷപാത രഹിതമായ അന്വേഷണം വേണമെന്നും ഐഒസി ആവശ്യപ്പെട്ടു. മെഡലുകള്‍ ഗംഗയിലെറിയാനുള്ള തീരുമാനത്തിലേക്ക് വരെ ഗുസ്തി താരങ്ങള്‍ക്ക് പോകേണ്ടി വന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ ഇടപെടല്‍. താരങ്ങളുമായി കമ്മറ്റി പ്രതിനിധികള്‍ ഉടന്‍ ചര്‍ച്ച നടത്തും.

അതിനിടെ ഗുസ്തി താരങ്ങളുടെ സമരത്തിന്റെ ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ ഇന്ന് ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ മഹാ ഖാപ് പഞ്ചായത്ത് ചേരും. ഇന്നലെ മെഡലുകള്‍ ഗംഗയില്‍ എറിയാന്‍ തയ്യാറായ ഗുസ്തി താരങ്ങളെ കര്‍ഷക നേതാക്കള്‍ എത്തിയാണ് അനുനയിപ്പിച്ചത്. അഞ്ച് ദിവസത്തിനകം അറസ്റ്റ് നടന്നില്ലെങ്കില്‍ ഇതേ പ്രതിഷേധ മാര്‍ഗവുമായി തിരിച്ചു വരുമെന്ന് പ്രഖ്യാപിച്ചാണ് ഗുസ്തി താരങ്ങള്‍ മടങ്ങിയത്.

ബ്രിജ് ഭൂഷണെതിരായ ഗുസ്തി താരങ്ങളുടെ സമരം മുന്നില്‍ നിന്ന് നയിക്കാന്‍ ആണ് കര്‍ഷക സംഘടനകള്‍ ഒരുങ്ങുന്നത്. കര്‍ഷക സംഘടനകള്‍ നല്‍കിയ ഉറപ്പിന്മേല്‍ ആണ് ഇന്നലെ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാതെ താരങ്ങള്‍ മടങ്ങിയത്. ഇന്ത്യാ ഗേറ്റിലെ അനിശ്ചിതകാല നിരാഹാരം ഉള്‍പ്പടെയുള്ള സമര പ്രഖ്യാപനങ്ങള്‍ ഇന്ന് ചേരുന്ന മഹാ ഖാപ് പഞ്ചായത്ത് ചര്‍ച്ച ചെയ്യും.

മുന്‍പ് മെയ് 23ന് മുന്‍പ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക നേതാക്കള്‍ കൂടി ഭാഗമായ കായിക താരങ്ങളുടെ സമര ഉപദേശക സമിതി സമരം പ്രഖ്യാപിച്ചിരുന്നു. അറസ്റ്റ് നടന്നില്ലെങ്കില്‍ ഡല്‍ഹിയുടെ അതിര്‍ത്തികള്‍ വളയാന്‍ ആയിരുന്നു അന്നത്തെ തീരുമാനം.

ടിക്രി, സിംഘു, ഗാസിയാബാദ് അതിര്‍ത്തികള്‍ ഉപരോധിക്കുന്ന കാര്യവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. കര്‍ഷക സംഘടനയായ ബികെയുവിന്റെ നേതൃത്വത്തില്‍ ആണ് കായിക താരങ്ങളുടെ സമരത്തിന് കര്‍ഷക സംഘടനകള്‍ പിന്തുണ നല്‍കുന്നത്.

വനിതാ സംഘടനകളും താരങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിജ് ഭൂഷണെ സംരക്ഷിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.