സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുമ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും വന്ദേ ഭാരത്; നിര്‍മാണം വേഗത്തിലാക്കി കേന്ദ്രം

സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുമ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും വന്ദേ ഭാരത്; നിര്‍മാണം വേഗത്തിലാക്കി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ തദ്ദേശീയ സെമി-ഹൈ സ്പീഡ് തീവണ്ടിയായ വന്ദേ ഭാരത് എക്‌സ്പ്രസ് എല്ലാ സംസ്ഥാനങ്ങള്‍ക്കും അനുവദിക്കാന്‍ നടപടികളുമായി കേന്ദ്രം. പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തിനകം എല്ലാ സംസ്ഥാനങ്ങളിലും 75 വണ്ടികള്‍ പുറത്തിറക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.

വന്ദേഭാരത് നിര്‍മാണം റെയില്‍വേ വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) ഇവ നിര്‍മിക്കുന്നത്. റായ്ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറി, ലത്തൂരിലെ മറാത്ത്വാഡ റെയില്‍ കോച്ച് ഫാക്ടറി എന്നിവിടങ്ങളിലും ഉത്പ്പാദന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.

ഈ വര്‍ഷം ആദ്യമാണ് വന്ദേ ഭാരത് എക്‌സ്പ്രസ് പുറത്തിറക്കാന്‍ കേന്ദ്രം ആരംഭിച്ചത്. 2023-24 സാമ്പത്തിക വര്‍ഷം മേയ് 29 വരെ ഏഴ് ട്രെയിനുകള്‍ റെയില്‍വേ ആരംഭിച്ചു. ഇതോടെ രാജ്യത്ത് 18 വന്ദേ ഭാരത് എക്‌സ്പ്രസുകളാണ് സര്‍വീസ് നടത്തുന്നത്.

ന്യൂഡല്‍ഹി-വാരാണസി, ന്യൂഡല്‍ഹി-ശ്രീ മാതാ വൈഷ്‌ണോദേവി, മുംബൈ സെന്‍ട്രല്‍-ഗാന്ധിനഗര്‍, ന്യൂഡല്‍ഹി- അംബ് അണ്ടൗറ, ചെന്നൈ-മൈസൂര്‍, ബിലാസ്പുര്‍-നാഗ്പുര്‍, ഹൗറ-ന്യൂ ജല്‍പായ്ഗുഡി, സെക്കന്തരാബാദ്-വിശാഖപട്ടണം, മുംബൈ-സോലാപുര്‍, മുംബൈ- സായിനഗര്‍ ഷിര്‍ദി, ഹസ്രത്ത് നിസാമുദ്ദീന്‍- റാണി കംലാപതി സ്റ്റേഷന്‍, സെക്കന്തരാബാദ്-തിരുപ്പതി, ചെന്നൈ-കോയമ്പത്തൂര്‍, തിരുവനന്തപുരം - കാസര്‍കോട്, അജ്‌മേര്‍ - ഡല്‍ഹി കാന്റ്, ഹൗറ-പുരി, ഡല്‍ഹി-ഡെറാഡൂണ്‍, ഗുവാഹാട്ടി-ന്യൂ ജല്‍പായ്ഗുഡി എന്നിവയാണ് റൂട്ടുകള്‍. റാഞ്ചി-ഹൗറ, പട്ന-ഹൗറ, മുംബൈ-മഡ്ഗാവ് എന്നീ റൂട്ടുകളിലും സര്‍വീസ് ഉടന്‍ ആരംഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.