വിഖ്യാത സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ ഓര്‍മ ദിവസമാണ് ഇന്ന്. വെറും നാലേ നാല് സിനിമകളിലൂടെ ജനകീയ സിനിമ എന്ന ആശയം യാഥാര്‍ഥ്യമാക്കി മലയാളി മനസില്‍ ചിരപ്രതിഷ്ഠ നേടിയ അസാമാന്യ കലാകാരനായിരുന്ന ജോണ്‍ എബ്രഹാം. അദ്ദേഹം വിടപറഞ്ഞിട്ട് ഇന്ന് 36 വര്‍ഷമാകുന്നു.
1980കളില്‍ കോഴിക്കോട്ടെ തെരുവുകളിലൂടെ കൂട്ടുകാരുമൊത്ത് ബക്കറ്റ് പിരിവിനിറങ്ങി ജനകീയ പങ്കാളിത്തത്തോടെയുള്ള സിനിമ എന്ന സ്വപ്നം സാക്ഷാത്കരിച്ച മലയാള സിനിമയിലെ പ്രതിഭാസമാണ് ജോണ്‍ എബ്രഹാം. മലയാള സിനിമയുടെ സത്യജിത് റേ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയതിന് ശേഷം കോയമ്പത്തൂരില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന് ഓഫ് ഇന്ത്യയില്‍ മൂന്നു വര്‍ഷത്തോളം ജോലി ചെയ്തു. പിന്നീട് സിനിമയോടുള്ള അഭിനിവേശം ജോണിനെ പുനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചു.
കുന്നംകുളത്ത് ജനിച്ച് കോട്ടയത്ത് വളര്‍ന്ന കുട്ടനാട്ടുകാരനാണ് ജോണ്‍ എബ്രഹാം. ചേന്നങ്കരി വാഴക്കാട് വി.റ്റി ഏബ്രഹാമിന്റെയും സാറാമ്മയുടെയും മകനായി 1937 ഓഗസ്റ്റ് 11 ന് കുന്നംകുളത്താണ് അദ്ദേഹത്തിന്റെ ജനനം. കുട്ടനാട്ടില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും കോട്ടയം സി.എം.എസ് സ്‌കൂളിലും ബോസ്റ്റണ്‍ സ്‌കൂളിലും എം.ഡി സെമിനാരി സ്‌കൂളിലുമായി ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തീകരിച്ചു. തിരുവല്ല മാര്‍ത്തോമ കോളജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. ദര്‍വാസ് യൂണിവേഴ്സിറ്റിയില്‍ രാഷ്ട്ര മീമാംസയില്‍ ബിരുദാനന്തരബിരുദത്തിന് ചേര്‍ന്നെങ്കിലും പൂര്‍ത്തീകരിച്ചില്ല.
1969 ല്‍ സ്വര്‍ണമെഡലോടെ സംവിധാനത്തില്‍ ഡിപ്ലോമ നേടിയ ജോണ്‍ വിഖ്യാത ബംഗാളി സംവിധായകന്‍ ഋഥ്വിക് ഘട്ടക്കിന്റെ ശിഷ്യനായി. 1972 ല്‍ നിര്‍മിച്ച കേരളത്തിലെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെയുള്ള വിമര്‍ശനമായിരുന്ന 'വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ' ആയിരുന്നു ജോണിന്റെ ആദ്യ സിനിമ. തുടര്‍ന്ന് 1977 ല്‍ അഗ്രഹാരത്തിലേ കഴുതൈ എന്ന ശ്രദ്ധേയ ചിത്രം ചെയ്തു.
സവര്‍ണ മേധാവിത്വത്തിനെതിരെയുള്ള ശക്തമായ സന്ദേശമായിരുന്ന ഈ സിനിമ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി വച്ചെങ്കിലും മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി വിമര്‍ശകരുടെ വായടപ്പിച്ചു.
1979ല്‍ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ എന്ന സിനിമയാണ് ജോണിന്റേതായി പുറത്തു വന്നത്. ഫ്യൂഡല്‍ വ്യവസ്ഥിതിയെയും പോലീസ് അരാജകത്വത്തെയും വരച്ചു കാട്ടിയ ചിത്രമായിരുന്നു അത്. കോഴിക്കോട് കേന്ദ്രമായി ജോണ്‍ സ്ഥാപിച്ച ഒഡേസ എന്ന സമാന്തര സിനിമാ കൂട്ടായ്മയുടെ ശ്രമഫലമായി ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത തുക കൊണ്ടാണ് 1986 ല്‍ അമ്മ അറിയാന്‍ എന്ന പ്രശസ്ത സിനിമ നിര്‍മ്മിച്ചത്.
1987 മെയ് 31 ന് തന്റെ 49 -ാമത്തെ വയസില്‍ കോഴിക്കോടുവെച്ച് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിക്കുമ്പോള്‍ എഴുതപ്പെടാത്ത നിരവധി കഥകളും ചിത്രീകരിക്കാത്ത അനവധി ഫ്രെയിമുകളും ജോണ്‍ എബ്രഹാം ബാക്കി വെച്ചിരുന്നുവെന്ന് സുഹൃത്തുക്കള്‍ അുസ്മരിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.