യുഡിഎഫില്‍ നിന്നും രണ്ടില പറിച്ച് കോട്ടയം പിടിച്ച് എല്‍ഡിഎഫ്

യുഡിഎഫില്‍ നിന്നും രണ്ടില പറിച്ച് കോട്ടയം പിടിച്ച് എല്‍ഡിഎഫ്

കോട്ടയം: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസിന്റെ ഇടതു മുന്നണി പ്രവേശനത്തെ സാധൂകരിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് തദ്ദേശ തെരഞ്ഞടുപ്പില്‍, പ്രത്യേകിച്ച് കോട്ടയം ജില്ലയിലുണ്ടായതെന്ന് നിസംശയം പറയാം. യുഡിഎഫിന്റെ കുത്തകയായ കോട്ടയത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ അപ്രതീക്ഷിത വിജയത്തിന്റെ പ്രധാന കാരണം രണ്ടിലയുമായുള്ള ജോസിന്റെ വരവാണ്. ജില്ലാ പഞ്ചായത്തിലും നഗരസഭകളിലും യുഡിഎഫിന് നഷ്ടം സംഭവിച്ചു.

കാല്‍ നൂറ്റാണ്ടിനുശേഷം ഉമ്മന്‍ ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളി പഞ്ചായത്തില്‍ യുഡിഎഫിനു ഭരണം നഷ്ടപ്പെട്ടതാണ് ഞെട്ടലുളവാക്കിയ മറ്റൊരു സംഭവം. നാല്‍പ്പത് വര്‍ഷമായി ഭരണത്തിലിരുന്ന മണര്‍കാട് പഞ്ചായത്തിലും യുഡിഎഫിന്റെ ഭരണം നഷ്ടപ്പെട്ടു. എല്‍ഡിഎഫ്- 11 യുഡിഎഫ്- 4 ബിജെപി - 2 എന്നിങ്ങനെയാണ് കക്ഷി നില. നഗരസഭകളില്‍ യുഡിഎഫിന്റെ എക്കാലത്തെയും ഉറച്ച കോട്ടയായിരുന്ന കോട്ടയം നഗരസഭ ഭരണം ത്രിശങ്കുവിലായി. ഇവിടെ ഇടതിനും വലതിനും 21 സീറ്റു വീതമാണ് ലഭിച്ചത്. ബിജെപി മുന്നണി - എട്ട്, മറ്റുള്ളവര്‍- 2 എന്നിങ്ങനെയാണ് നില. പാല നഗരസഭ ഭരണം ഇടതുമുന്നണി പിടിച്ചെടുക്കുകയും ചെയ്തു.

രാഷ്ട്രീയ കേരളം ഉറ്റു നോക്കിയ കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിഅട്ടിമറി വിജയമാണ് നേടിയത്. 22 ഡിവിഷനുകളില്‍ 14 ലും എല്‍ഡിഎഫ് വിജയിച്ചു. ജോസ് കെ മാണി വിഭാഗം അഞ്ചു സീറ്റില്‍ വിജയിച്ചു. ജോസഫ് വിഭാഗം രണ്ടു സീറ്റിലും വിജയം നേടി. കോട്ടയം ജില്ലാ പഞ്ചായത്തില്‍ അഞ്ച് വാര്‍ഡുകളിലാണ് കേരള കോണ്‍ഗ്രസുകള്‍ തമ്മില്‍ അങ്കം നടന്നത്. ഇതില്‍ നിര്‍മല ജിമ്മി ( കുറവിലങ്ങാട്) ജെസി ഷാജന്‍ ( കാഞ്ഞിരപ്പള്ളി) രാജേഷ് വാളിപ്ലാക്കല്‍ (ഭരണങ്ങാനം) പി.എം മാത്യു (ഉഴവൂര്‍) ജോസ് പുത്തന്‍കാലാ (കടുത്തുരുത്തി ) എന്നിവരാണ് ജോസ് വിഭാഗത്തില്‍ നിന്നും വിജയിച്ച സ്ഥാനാര്‍ഥികള്‍.

ഒന്‍പതു സീറ്റില്‍ മത്സരിച്ച ജോസഫ് വിഭാഗം രണ്ടു സീറ്റുമായി തൃപ്തിപ്പെടേണ്ടി വന്നു. ജോസ്മോന്‍ മുണ്ടക്കല്‍(കിടങ്ങൂര്‍) റോസമ്മ സോണി ( അതിരമ്പുഴ) എന്നിവരാണ് വിജയിച്ചത്. 2015ല്‍ യുഡിഎഫ് 48 ഗ്രാമ പഞ്ചായത്തില്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് വിജയിച്ചത് 21 ഇടങ്ങളില്‍ മാത്രമായിരുന്നു. എന്നാല്‍ ഇത്തവണ 40 പഞ്ചായത്തുകളില്‍ ഇടതുമുന്നണി വിജയം കൊയ്തു. യുഡിഎഫിന്റെ 48 സീറ്റ് 23 ആയി ചുരുങ്ങി. ഒരിക്കലും ചെങ്കൊടി പാറാത്ത പഞ്ചായത്തുകള്‍ പോലും ചുവന്നു. ബ്ലോക്ക് പഞ്ചായത്തില്‍ ഒന്‍പത് ഇടങ്ങളില്‍ എല്‍ഡിഎഫും രണ്ട് ഇടങ്ങളില്‍ യുഡിഎഫും വിജയിച്ചു. 2015ല്‍ എട്ടിടങ്ങളില്‍ ജയിച്ച യുഡിഎഫാണ് രണ്ടായി ചുരുങ്ങിയത്. എല്‍ഡിഎഫ് ആകട്ടെ മൂന്നില്‍ നിന്ന് ഒന്‍പതിലേക്ക് വളര്‍ന്നു.

25 വര്‍ഷത്തിന് ശേഷമാണ് പുതുപ്പള്ളി പഞ്ചായത്ത് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത്. എക്കാലവും കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന പുതുപ്പള്ളിയാണ് ഇത്തവണ യുഡിഎഫില്‍ നിന്ന് ചോര്‍ന്ന് പോയത്. പുതുപ്പള്ളി ഗ്രാമ പഞ്ചായത്തില്‍ 9 സീറ്റ് നേടിയാണ് എല്‍ഡിഎഫ് ഭരണം പിടിച്ചത്. ഉമ്മന്‍ചാണ്ടിയുടെ വാര്‍ഡില്‍ അടക്കം വോട്ടെണ്ണലിന്റെ തുടക്കത്തില്‍ യുഡിഎഫ് പിന്നിലായിരുന്നു. ഏഴ് സീറ്റാണ് യുഡിഎഫിന് കിട്ടിയത്. രണ്ട് സീറ്റ് ബിജെപിക്കും കിട്ടി. ഏറ്റുമാനൂര്‍ നഗരസഭയില്‍ യുഡിഎഫ് 12 സീറ്റിലാണ് വിജയിച്ചത്. ഇടതുമുന്നണി 11, എന്‍ഡിഎ -6 സ്വതന്ത്രര്‍- 6 എന്നിങ്ങനെയാണ് കക്ഷി നില.

വൈക്കം നഗരസഭയില്‍ യുഡിഎഫ് 11 സീറ്റുകളിലും ഇടതുമുന്നണി ഏട്ടിലും എന്‍ഡിഎ 4 സീറ്റിലും വിജയിച്ചു. മൂന്നു സീറ്റ് സ്വതന്ത്രര്‍ക്കു ലഭിച്ചു. ഈരാറ്റുപേട്ടയില്‍ യുഡിഎഫ്- എട്ട് ഇടതുമുന്നണി- ആറ് എന്നിങ്ങനെയാണ് കക്ഷി നില. നഗരസഭയില്‍ അഞ്ചിടത്ത് എസ്ഡിപിഐയും വിജയിച്ചു. ജോസ് പക്ഷത്തിന്റെ തട്ടകമായ പാലായില്‍ ഇടതുമുന്നണി 12 സീറ്റില്‍ വിജയിച്ചു. എട്ടു സീറ്റില്‍ യുഡിഎഫും. മറ്റുളളവര്‍ ആറു സീറ്റിലും വിജയിച്ചു.

ഇതിനിടെ കോട്ടയം ജില്ലയില്‍ എന്‍ഡിഎയുടെ മുന്നേറ്റവും കാണാനായി. കോട്ടയം നഗരസഭയില്‍ ബിജെപി എട്ടു സീറ്റ് നേടി. പള്ളിക്കത്തോട് പഞ്ചായത്തില്‍ ഏഴ് സീറ്റ് നേടി എന്‍ഡിഎ ഭരണത്തിലെത്തി. പാലാ മുത്തോലി ഗ്രാമപഞ്ചായത്തില്‍ ആറു സീറ്റ് നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. അയ്മനം ഗ്രാമപഞ്ചായത്തില്‍ ഏഴിടത്ത് വിജയിച്ചു. ഇതില്‍ സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റ് എ.കെ ആലിച്ചന്‍ വാര്‍ഡ് 15 ല്‍ ബിജെപിയോടു പരാജയപ്പെട്ടു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും തോറ്റു. ഏറ്റുമാനൂര്‍ -7, കിടങ്ങൂര്‍ -5, കൂരോപ്പട - 4, പനച്ചിക്കാട് - 5, എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ എന്‍ഡിഎ സീറ്റ് നില.

പൂഞ്ഞാര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മൂന്നു മുന്നണികളെയും പിന്തള്ളി ജനപക്ഷത്തിന്റെ ഷോണ്‍ ജോര്‍ജ് വിജയിച്ചു. അങ്ങനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിസി ജോര്‍ജിന്റെ വിജയത്തിന്റെ തനിയാവര്‍ത്തനമായി മകന്‍ ഷോണിന്റെ കന്നി വിജയം. 16479 വോട്ട് നേടി 1969 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷോണിന്റെ ജയം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.