സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വിഷയത്തില്‍ പ്രതിപക്ഷം ബി.ജെ.പിക്കൊപ്പമാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം വിചിത്രമെന്നു പ്രതിപക്ഷ നേതാവ്

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വിഷയത്തില്‍ പ്രതിപക്ഷം ബി.ജെ.പിക്കൊപ്പമാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം വിചിത്രമെന്നു പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചത് സംബന്ധിച്ച വിഷയത്തില്‍ പ്രതിപക്ഷം ബി.ജെ.പിക്കൊപ്പമാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം വിചിത്രമെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷയത്തില്‍ പ്രതിപക്ഷം ഇതുവരെ അഭിപ്രായം പോലും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്ക് പോലും അറിയാത്ത കാര്യത്തില്‍, കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ പ്രതിപക്ഷം എന്തിനാണ് കയറെടുക്കാന്‍ ഓടുന്നത്. മുഖ്യമന്ത്രിക്കോ സംസ്ഥാന ധനമന്ത്രിക്കോ ധനകാര്യ വകുപ്പിനോ കടമെടുപ്പ് പരിധി എന്തുകൊണ്ടാണ് വെട്ടിക്കുറച്ചതെന്ന് അറിയില്ല.

കിഫ്ബി, പെന്‍ഷന്‍ ഫണ്ടുകളിലെ ബാധ്യത കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച് ആദ്യമായി മുന്നറിയിപ്പ് നല്‍കിയത് പ്രതിപക്ഷമാണ്. ബജറ്റിന് പുറത്ത് കടമെടുത്താലും അത് ബജറ്റിനകത്തേക്കുള്ള ബാധ്യതയാകുമെന്നും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കുമെന്നും കിഫ്ബി ബില്‍ അവതരണ വേളയില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. പ്രതിപക്ഷം പറഞ്ഞത് തന്നെയാണ് രണ്ടു തവണ സി.എ.ജി റിപ്പോര്‍ട്ടിലും വന്നത്. സി.എ.ജി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു കൊണ്ട് നിയമസഭയില്‍ പ്രതിപക്ഷം പ്രമേയം പാസാക്കുകയാണ് ചെയ്തത്.

പരാജയം മറച്ചുവയ്ക്കാനാണ് പ്രതിപക്ഷം ബി.ജെ.പിയ്ക്കൊപ്പമെന്ന് പറയുന്നത്. എല്ലാ പ്രസ്താവനയുടെയും അവസാനം ഇതു പറഞ്ഞാല്‍ പ്രതിപക്ഷം ബി.ജെ.പിയ്ക്കൊപ്പമാകുമോ? ബി.ജെ.പിയാണ് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും മുഖ്യശത്രു. സി.പി.എമ്മാണ് ബി.ജെ.പിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയിരിക്കുന്നത്. ലാവലിനിലും സ്വര്‍ണക്കള്ളക്കടത്തിലും ബി.ജെ.പിയുമായി സന്ധി ചെയ്യുന്ന മുഖ്യമന്ത്രി പൊതു യോഗങ്ങളില്‍ മാത്രമാണ് ബി.ജെ.പി വിരുദ്ധത പറയുന്നത്.

ശമ്പളവും പെന്‍ഷനും നല്‍കാനാകാതെ സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും ധൂര്‍ത്തിന് ഒരു കുറവുമില്ല. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന കെ ഫോണ്‍ ഉദ്ഘാടനത്തിന് 4.35 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കെ ഫോണിന്റെ ഉദ്ഘാടനം തെരഞ്ഞെടുപ്പിന് മുന്‍പും നടത്തിയിട്ടുണ്ട്. ഇപ്പോഴും പദ്ധതി ഒന്നും ആകാതെയാണ് ഉദ്ഘാടനം നടത്തുന്നത്.

18 മാസം കൊണ്ട് 20 ലക്ഷം പാവങ്ങള്‍ക്കും മുപ്പതിനായിരം സര്‍ക്കാര്‍ ഓഫീസുകളിലും സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്നാണ് 2017-ല്‍ പ്രഖ്യാപിച്ചത്. 20 ലക്ഷമെന്നത് പതിനാലായിരമാക്കി കുറച്ചിട്ടും അത് പോലും പൂര്‍ത്തിയായില്ല. 1500 കോടി മുടക്കിയ പദ്ധതിയില്‍ പതിനായിരം പേര്‍ക്ക് പോലും ഇന്റര്‍നെറ്റ് നല്‍കാന്‍ കെ ഫോണിന്റെ ഉദ്ഘാടനത്തിനാണ് നാലര കോടി രൂപ ചെലവഴിക്കുന്നത്. കെ ഫോണിന്റെ ഉദ്ഘാടനവുമായി പ്രതിപക്ഷം സഹകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന് 124 കോടി രൂപയാണ് ചെലവാക്കിയത്. അഴിമതി ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ സ്വീകരിക്കാനുള്ള നടപടികള്‍ യു.ഡി.എഫ് ആരംഭിച്ചിട്ടുണ്ട്. ധൂര്‍ത്തും അഴിമതിയുമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്രയെന്നും എല്ലാ നികുതികളും കൂട്ടി സര്‍ക്കാര്‍ നിരന്തരമായി ജനങ്ങളെ ബുദ്ധിമൂട്ടിക്കുകയാണ്.

അഴിമതി ആരോപണം ഉന്നയിച്ചാലുടന്‍ എല്ലായിടത്തും തീയിടുകയാണ്. ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരത്തിന് തീയിട്ടതു പോലെയാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഗോഡൗണുകളും കത്തിച്ചത്. കോടിക്കണക്കിന് രൂപയുടെ അഴിമതിയുടെ തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടി നടത്തിയ തീയിടലാണിത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടന്ന സ്വര്‍ണക്കള്ളടത്ത്, ലൈഫ് മിഷന്‍, കെ ഫോണ്‍, അഴിമതി ക്യാമറ, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എന്നീ അഞ്ച് അഴിമതികളാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്.

വന്യജീവി ആക്രമണത്തില്‍പ്പെട്ട് വനാതിര്‍ത്തികളില്‍ അരക്ഷിതരായി കഴിയുന്ന ജനങ്ങള്‍ക്ക് വേണ്ടി വന്യജീവി നിയമത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വേണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന യു.ഡി.എഫ് യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തീരദേശ ഹൈവെയ്ക്കു വേണ്ടി കല്ലിടല്‍ തുടങ്ങിയെങ്കിലും പദ്ധതിയുടെ ഡി.പി.ആറോ നഷ്ടപരിഹാര പാക്കേജോ സംബന്ധിച്ച ഒരു വിവരവും ആര്‍ക്കും അറിയില്ല. കെ- റെയിലിലേതു പോലുള്ള അവ്യക്തത തീരദേശ ഹൈവേയിലുമുണ്ട്. ഡി.പി.ആര്‍ ഉള്‍പ്പെടെയുള്ളവ പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയാറാകണം. പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ ഷിബു ബോബി ജോണ്‍ കണ്‍വീനറായ കമ്മിറ്റിയെ യു.ഡി.എഫ് നിയോഗിച്ചിട്ടുണ്ട്.

എന്തിന് വേണ്ടിയാണ് അനധികൃത പണപ്പിരിവ് നടത്തി അമേരിക്കയില്‍ പോയി ലോക കേരളസഭ നടത്തുന്നത്. ഇതുവരെ നടത്തിയ ലോക കേരളസഭകള്‍ കൊണ്ട് സംസ്ഥാനത്തിന് എന്തെങ്കിലും പ്രയോജനമുണ്ടായിട്ടുണ്ടോയെന്നും സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധയിലാകുമ്പോള്‍ കോടികള്‍ മുടക്കിയാണ് മന്ത്രിമാരും സന്നാഹവും വിദേശത്തേക്ക് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.