മുസാഫര്‍ നഗര്‍: ദേശീയ ഗുസ്തി ഫെഡറേഷന്‍ മേധാവിക്കെതിരെ ലൈംഗികാതിക്രമം ആരോപിച്ച് രാജ്യത്തെ ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധത്തെ അഭിസംബോധന ചെയ്യാന്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ സൗറം പട്ടണത്തില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച യോഗം ചേരും.
ചരിത്ര പ്രസിദ്ധമായ സൗറാം ചൗപാലില്‍ നടക്കുന്ന മഹാപഞ്ചായത്ത് ചര്‍ച്ചയില്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധം കേന്ദ്ര വിഷയമാകുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവും ബല്യാന്‍ ഖാപ്പിന്റെ തലവനുമായ നരേഷ് ടികൈത് അറിയിച്ചു. അവര്‍ കാരണം ഞങ്ങള്‍ അന്താരാഷ്ട്ര കായിക രംഗത്ത് തല ഉയര്‍ത്തി നില്‍ക്കുന്നു. അവര്‍ക്ക് നാണക്കേട് കൊണ്ട് തല താഴ്‌ത്തേണ്ടി വരില്ലെന്ന് ഞങ്ങള്‍ ഉറപ്പാക്കുമെന്നു നരേഷ് ടികൈത് കൂട്ടിച്ചേര്‍ത്തു.
വനിതാ താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചതിന് ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ഈ വര്‍ഷം ജനുവരിയില്‍ ന്യൂഡല്‍ഹിയിലാണ് പ്രതിഷേധം ആരംഭിച്ചത്.
ഒളിമ്പിക് മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ, ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍ വിനേഷ് ഫോഗട്ട് എന്നിവരുള്‍പ്പെടെ മുന്‍നിര ഗുസ്തിക്കാര്‍ ഹരിദ്വാറിലെ ഗംഗാ നദിയുടെ തീരത്ത് ഒത്തുകൂടി തങ്ങളുടെ മെഡലുകള്‍ ഒഴുക്കികലയുമെന്നു പറഞ്ഞിരുന്നു.
ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന്റെ തുടര്‍ നടപടികള്‍ നിര്‍ണ്ണയിക്കാന്‍ ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള വിവിധ കര്‍ഷക പ്രതിനിധികളും അവരുടെ തലവന്മാരും മഹാപഞ്ചായത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് 28 ന് ഡല്‍ഹി പൊലീസ് നിരവധി ഗുസ്തിക്കാരെ കസ്റ്റഡിയിലെടുത്ത് ക്രമസമാധാന ലംഘനത്തിന് കേസെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.