മണിപ്പൂരിലെ ക്രിസ്ത്യാനികളെ സംരക്ഷിക്കുക: ബാംഗ്ലൂരില്‍ ക്രൈസ്തവ സംഘടനകളുടെ ഐക്യദാര്‍ഢ്യ സംഗമം

മണിപ്പൂരിലെ ക്രിസ്ത്യാനികളെ സംരക്ഷിക്കുക: ബാംഗ്ലൂരില്‍ ക്രൈസ്തവ സംഘടനകളുടെ ഐക്യദാര്‍ഢ്യ സംഗമം

ബംഗളുരു: വംശീയ കലാപത്തിന്റെ ഇരകളായി മാറിയ മണിപ്പൂരിലെ ക്രൈസ്തവ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബംഗളുരുവില്‍ വിവിധ ക്രൈസ്തവ സംഘടനകള്‍ ഒത്തു ചേര്‍ന്നു. ഇന്ത്യന്‍ ക്രിസ്ത്യന്‍ യൂണിറ്റി ഫോറത്തിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച നടന്ന ഐക്യദാര്‍ഢ്യ സംഗമത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. വിഷയത്തില്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ചൂരചങ്പൂര്‍, ഇംഫാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും അനേകമാളുകള്‍ ഭവന രഹിതരാവുകയും ചെയ്തിരുന്നു. ഇവരില്‍ വലിയൊരു ശതമാനം ക്രൈസ്തവ വിശ്വാസികളാണ്. നൂറ്റിയന്‍പതില്‍പരം ക്രൈസ്തവ ദേവാലയങ്ങളാണ് സംസ്ഥാനത്ത് തകര്‍ക്കപ്പെട്ടത്.

നൂറുകണക്കിന് ദേവാലയങ്ങള്‍ തീ വെച്ച് നശിപ്പിച്ചതും, ക്രൈസ്തവരുടെ താമസ സ്ഥലങ്ങള്‍ തകര്‍ത്തതും ആളുകളെ കൊല ചെയ്തതും മനുഷ്യാവകാശത്തിന്റെ വലിയ ലംഘനമാണെന്ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ യൂണിറ്റി ഫോറത്തിന്റെ അധ്യക്ഷന്‍ വിക്രം ആന്റണി പറഞ്ഞു. സംസ്ഥാന, ദേശീയ ആഭ്യന്തര വകുപ്പുകള്‍ കണ്ണടച്ചത് മൂലം വിഷയം കൈവിട്ടു പോവുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്നും വിക്രം ആന്റണി ആവശ്യപ്പെട്ടു. മെയ്‌തേയ് സമുദായത്തെ പട്ടികവര്‍ഗ പ്രഖ്യാപിക്കണമെന്ന് മാര്‍ച്ച് 27 ന് ഹൈക്കോടതിയുടെ നിര്‍ദേശം വന്നതിനു ശേഷമാണ് സംസ്ഥാനത്ത്  കലാപം പൊട്ടിപുറപ്പെട്ടത്.

വര്‍ഗീയ പ്രചരണം ശക്തമായതോടെ ക്രൈസ്തവ ദേവാലയങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. ഇതിനിടയില്‍ ക്രൈസ്തവര്‍ വസിക്കുന്ന ഗ്രാമങ്ങളില്‍ ഇപ്പോഴും ആക്രമണം തുടരുകയാണെന്ന് ദൃക്‌സാക്ഷികളുടെ വിവരണങ്ങളെ ഉദ്ധരിച്ച് പ്രീമിയര്‍ ക്രിസ്ത്യന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇക്കാലയളവില്‍ 50,000 പേരാണ് ഭവനരഹിതരായത്. ഇവരില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവരാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.