'ബാങ്കുകള്‍ മനുഷ്യത്വം കാണിക്കണം'; സിബില്‍ സ്‌കോര്‍ കുറവെന്ന പേരില്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് ഹൈക്കോടതി

'ബാങ്കുകള്‍ മനുഷ്യത്വം കാണിക്കണം'; സിബില്‍ സ്‌കോര്‍ കുറവെന്ന പേരില്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന്  ഹൈക്കോടതി

കൊച്ചി: സിബില്‍ സ്‌കോര്‍ കുറവാണെന്ന പേരില്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് ബാങ്കുകള്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം.

വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നതില്‍ ബാങ്കുകള്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം. വിദ്യാര്‍ഥികള്‍ നാളെ ഈ നാടിനെ നയിക്കേണ്ടവരാണെന്ന കാര്യം വിസ്മരിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.

അച്ഛന്റെ സിബില്‍ സ്‌കോര്‍ കുറവാണെന്ന പേരില്‍ ബാങ്ക് അധികൃതര്‍ വിദ്യാഭ്യാസ വായ്പ നിഷേധിച്ചത് ചോദ്യം ചെയ്ത് ഭോപ്പാലില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ആലുവ സ്വദേശി നോയല്‍ പോള്‍ ഫ്രഡറിക് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

ഹര്‍ജിക്കാരന്റെ പിതാവിന്റെ പേരിലുണ്ടായിരുന്ന രണ്ട് വായ്പകളിലൊന്ന് എഴുതിത്തള്ളുകയും മറ്റൊന്നില്‍ 16,667 രൂപ കുടിശികയുമുണ്ടായിരുന്നതിനെ തുടര്‍ന്നാണ് ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഹര്‍ജിക്കാരന് വിദേശ കമ്പനി ജോലി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വിശദീകരിച്ചു. തുടര്‍ന്ന് വിദ്യാഭ്യാസ വായ്പയായി ഹര്‍ജിക്കാരന് 4.07 ലക്ഷം രൂപ നല്‍കാന്‍ എസ്ബിഐക്ക് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ നിര്‍ദേശം നല്‍കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.