രാജസ്ഥാനില്‍ മഞ്ഞുരുകാന്‍ വൈകും: അഴിമതിയില്‍ ഒത്തുതീര്‍പ്പില്ലെന്ന് പരസ്യമാക്കി സച്ചിന്‍ പൈലറ്റ്

രാജസ്ഥാനില്‍ മഞ്ഞുരുകാന്‍ വൈകും: അഴിമതിയില്‍ ഒത്തുതീര്‍പ്പില്ലെന്ന് പരസ്യമാക്കി സച്ചിന്‍ പൈലറ്റ്

ജയ്പുര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ മഞ്ഞുരുക്കാന്‍ വൈകും. ഐക്യം ഉറപ്പിക്കാനുള്ള ഹൈക്കമാന്‍ഡിന്റെ ശ്രമങ്ങള്‍ വിഫലമാക്കി വീണ്ടും വെടിപൊട്ടിച്ചിരിക്കുകയാണ് മുന്‍ ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റ്. അഴിമതിയിലും യുവാക്കളുടെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളിലും യാതൊരു ഒത്തുതീര്‍പ്പിനുമില്ലെന്ന് ആവര്‍ത്തിച്ച് സച്ചിന്‍ പരസ്യമായി രംഗത്തെത്തി.

ഈ രണ്ടു കാര്യങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് പൈലറ്റിന്റെ ആവശ്യം. വസുന്ധര രാജെ സര്‍ക്കാരിന്റെ കാലത്തെ അഴിമതികളില്‍ അന്വേഷണം വേണമെന്ന ആവശ്യം അദ്ദേഹം ആവര്‍ത്തിച്ചു. രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വേണം. സര്‍ക്കാര്‍ നടപടികള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നും പൈലറ്റ് വ്യക്തമാക്കി.

പാര്‍ട്ടി അഴിമതിക്കെതിരാണെന്ന് രാഹുല്‍ഗാന്ധി തന്നെ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. യാതൊരു ഒത്തുതീര്‍പ്പിനുമില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഈ വിഷയങ്ങള്‍ പാര്‍ട്ടി നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയതില്‍ യാതൊരു തെറ്റുമില്ലെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗയുടെ വസതിയില്‍ നാലുമണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രി അശോക് ഗലോട്ടും സച്ചിന്‍ പൈലറ്റും ഒരുമിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാനിലെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നതാണ് ഒളിയമ്പെയ്തുള്ള സച്ചിന്റെ ഇപ്പോഴത്തെ പരാമര്‍ശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.