പുതിയ റോഡ് കൈകൊണ്ട് ചുരുട്ടിയെടുത്ത് നാട്ടുകാര്‍; ഇത് ജര്‍മന്‍ സാങ്കേതിക വിദ്യയെന്ന് കരാറുകാരന്‍: വീഡിയോ വൈറല്‍

പുതിയ റോഡ് കൈകൊണ്ട് ചുരുട്ടിയെടുത്ത് നാട്ടുകാര്‍; ഇത് ജര്‍മന്‍ സാങ്കേതിക വിദ്യയെന്ന് കരാറുകാരന്‍: വീഡിയോ വൈറല്‍

മുംബൈ: റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പതിവായി കേള്‍ക്കുന്ന അഴിമതിക്കഥകളെ വെല്ലുന്ന സംഭവമാണ് മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലെ അംബാദില്‍ നടന്നത്. ഇവിടെ പുതുതായി നിര്‍മിച്ച റോഡ് നാട്ടുകാര്‍ കൈകൊണ്ട് ചുരുട്ടിയെടുത്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഉയര്‍ത്തിയെടുത്ത റോഡിനടിയില്‍ തുണി പോലുള്ള വസ്തു വിരിച്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. അംബാദില്‍ തന്നെയുള്ള പ്രാദേശിക കോണ്‍ട്രാക്ടര്‍ക്കായിരുന്നു റോഡിന്റെ നിര്‍മാണ ചുമതല. റോഡ് നിര്‍മാണത്തിലെ ഗുരുതരമായ ക്രമക്കേട് പുറത്തു വന്നതോടെ ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ റോഡിനടിയില്‍ തുണി വിരിച്ചത് ജര്‍മന്‍ സാങ്കേതിക വിദ്യയാണെന്നായിരുന്നു കരാറുകാരെ വാദം.

റോഡിനടിയില്‍ തുണി പോലുള്ള വസ്തു വിരിച്ച് അതിന് മുകളിലാണ് മെറ്റലും ടാറും ചെയ്തിരിക്കുന്നത്. തുണി ചുരുട്ടിയെടുക്കുമ്പോള്‍ റോഡ് മുഴുവന്‍ ഇളകിപ്പോരുന്നതും വീഡിയോയില്‍ കാണാം. റോഡിലെ കുഴികള്‍ മൂടാനോ നിരപ്പാക്കാനോ കരാറുകാരന്‍ ശ്രമിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരമാണ് റോഡ് നിര്‍മ്മിച്ചത്. ഇത്രയും മോശമായ റോഡ് നിര്‍മിച്ച കരാറുകാരനും എഞ്ചിനീയര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.