ന്യൂഡല്‍ഹി: ദുരുപയോഗം തടയുന്നതുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏപ്രിലില്‍ മാത്രം 74 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചെന്ന് വാട്സ് ആപ്പ്.
ഉപയോക്താക്കളില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിന് മുന്‍പ് തന്നെ ഏകദേശം 24 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
2021 ലെ ഐ.ടി നിയമത്തിന്റെ ഭാഗമായി കമ്പനി സമര്‍പ്പിച്ച പ്രതിമാസ റിപ്പോര്‍ട്ടിലാണ് വിശദാംശങ്ങളുള്ളത്. 2023 ഏപ്രില്‍ മാസം ഉപയോക്താക്കളുടെ പരാതികളെക്കുറിച്ചും അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങള്‍ നല്‍കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് ഇത്.
ഏപ്രില്‍ ഒന്നിനും മുപ്പതിനും ഇടയില്‍ 74,52,500 വാട്സ് ആപ്പ് അക്കൗണ്ടുകള്‍ നിരോധിക്കപ്പെട്ടു. കൂടാതെ ഉപയോക്താക്കളില്‍ നിന്ന് എന്തെങ്കിലും റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിന് മുന്‍പ് തന്നെ ഇതില്‍ 24,69,700 അക്കൗണ്ടുകള്‍ നിരോധിച്ചിരുന്നുവെന്നും കമ്പനി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മാര്‍ച്ചില്‍ 47 ലക്ഷത്തോളം അക്കൗണ്ടുകള്‍ക്കാണ് വാട്‌സ് ആപ്പ് പൂട്ടിട്ടത്.
500 ദശലക്ഷം ഉപയോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ചാറ്റിങ് പ്ലാറ്റ്ഫോമായ വാട്‌സ് ആപ്പിന് ഏപ്രിലില്‍ മാത്രം 4377 പരാതികള്‍ ലഭിച്ചു. ഇതില്‍ 234 കേസുകളിലാണ് കമ്പനി നടപടിയെടുത്തത്.
കഴിഞ്ഞ മാസങ്ങള്‍ക്കിടെ ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ ഫോണുകളില്‍ വ്യാപകമായി സ്പാം കോളുകള്‍ വരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതില്‍ കൂടുതലും ഇന്റര്‍നാഷണല്‍ സ്പാം കോളുകളാണ്. ഇന്തോനേഷ്യ (+62), വിയറ്റ്‌നാം (+84), മലേഷ്യ (+60), കെനിയ (+254), എത്യോപ്യ (+251) എന്നീ രാജ്യങ്ങളുടെ കോഡുകളുള്ള സ്പാം കോളുകള്‍ വരുന്നതായി നിരവധി ഉപയോക്താക്കള്‍ ഇതിനോടകം പരാതിപ്പെട്ടിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v