കണ്ണൂര്‍: കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്‍ക്കത്ത സ്വദേശി പുഷന്‍ജിത്ത് സിദ്ഗര്‍ എന്നയാളാണ് കസ്റ്റഡിയിലുള്ളത്.
സംഭവ സ്ഥലത്ത് നിന്ന് ശേഖരിച്ച വിരലടയാളങ്ങള്‍ ഇയാളുടേതാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. തീവെപ്പിന് തൊട്ട് മുന്‍പ് ട്രാക്കിന് സമീപം ഇയാള്‍ ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. പുഷന്‍ജിത്തിനെ ഇവിടെ കണ്ടതായി ബി.പി.എസ്.എല്‍ സുരക്ഷാ ജീവനക്കാരനും മൊഴി നല്‍കിയിട്ടുണ്ട്.
നേരത്തേ സ്റ്റേഷന് സമീപം തീയിട്ട ഇയാളെ അന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി വിട്ടയക്കുകയായിരുന്നു. ട്രെയിന്‍ തീവയ്പ് കേസില്‍ ശാസ്ത്രീയമായ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് മേധാവി അനുമതി നല്‍കിയത്.
എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ ബോഗിക്ക് തീ വെച്ചത് ഇന്ധനം ഉപയോഗിച്ചാണോ എന്നതില്‍ ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടില്ല. ഇക്കാര്യം ഉറപ്പിക്കാന്‍ ഇന്നലെ വൈകിട്ട് വീണ്ടും ബോഗിയില്‍ പരിശോധന നടത്തിയിട്ടുണ്ട്. ഇതിന്റെ ഫലം കൂടി ലഭിച്ചാല്‍ മാത്രമാകും കൂടുതല്‍ നടപടി ഉണ്ടാകുക. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ റയില്‍വേ സുരക്ഷാ പരിശോധനയും അന്വേഷണവും ഇന്നും ഉണ്ടാകും.
വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ബോഗി കത്തിനശിച്ചത്. മൂന്നാം പ്ലാറ്റ്‌ഫോമിന് സമീപം എട്ടാമത്തെ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബോഗിയാണ് കത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.