മൂന്നു ദിവസം കടലിന്റെ അടിത്തട്ടില്‍: കണ്ടെടുത്തത് 20.20 കോടി രൂപയുടെ സ്വര്‍ണക്കട്ടികള്‍; സ്വര്‍ണ വേട്ടയുമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

മൂന്നു ദിവസം കടലിന്റെ അടിത്തട്ടില്‍: കണ്ടെടുത്തത് 20.20 കോടി രൂപയുടെ സ്വര്‍ണക്കട്ടികള്‍; സ്വര്‍ണ വേട്ടയുമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

രാമേശ്വരം: ഇരുപത് കോടിയിലേറെ രൂപയുടെ സ്വര്‍ണക്കട്ടികള്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ആഴക്കടലില്‍ നടത്തിയ മൂന്നു ദിവസത്തെ തിരച്ചിലിനൊടുവില്‍ കണ്ടെടുത്തു. രാമേശ്വരത്തിനടുത്തുള്ള മണ്ഡപം കടലില്‍ കള്ളക്കടത്തുകാര് വലിച്ചെറിഞ്ഞ 20.20 കോടി രൂപയുടെ സ്വര്‍ണക്കട്ടികളാണ് കണ്ടെടുത്തത്. സംഭവത്തില്‍ നേരത്തെ അഞ്ച് പേരെ അറസ്റ്റ് ചെയാതിരുന്നു.

മെയ് 30 ന് ശ്രീലങ്കയില്‍ നിന്ന് രാമേശ്വരത്തിന് സമീപമുള്ള മണ്ഡപം വേടലൈയിലേയ്ക്ക് രണ്ട് ബോട്ടില്‍ സ്വര്‍ണക്കട്ടികള്‍ കടത്തുന്നതായി കേന്ദ്ര റവന്യൂ ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചു. കേന്ദ്ര റവന്യൂ ഇന്റലിജന്‍സ് വിഭാഗം രാമേശ്വരത്തിനടുത്തുള്ള മണ്ഡപത്തില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പട്രോളിംഗ് കപ്പല്‍ മുഖേന മാന്നാര്‍ ഉള്‍ക്കടലില്‍ നിരീക്ഷണം നടത്തി. ഇവരെ കണ്ടയുടന്‍ ബോട്ടിലെത്തിയ കള്ളക്കടത്ത് സംഘം മാന്നാര്‍ ഉള്‍ക്കടലിലെ മനോളി ദ്വീപിന് സമീപം കടലിലേക്ക് സ്വര്‍ണക്കട്ടികള്‍ എറിഞ്ഞു.

മറ്റൊരു ബോട്ടിലെത്തിയ കള്ളക്കടത്തുകാരാണ് സ്വര്‍ണക്കട്ടികളുമായി വേടലൈഗ്രാമത്തിലേക്ക് കടന്നത്.തുടര്‍ന്ന് മണ്ഡപം വേടലൈയിലെ മുഹമ്മദ് നാസര്‍ (35) ഉള്‍പ്പെടെ അഞ്ച് പേരെ പ്രത്യേക അന്വേഷണ വിഭാഗം പിടികൂടി ചോദ്യം ചെയ്തു.

മൂന്ന് ദിവസം തുടര്‍ച്ചയായി കോസ്റ്റ് ഗാര്‍ഡിന്റെ സ്‌കൂബാ ഡൈവിങ് സംഘം സ്വര്‍ണക്കട്ടികള്‍ക്കായി തിരച്ചില്‍ നടത്തി. ഇതോടെ ബോട്ടില്‍ നിന്ന് വലിച്ചെറിഞ്ഞ 11.6 കിലോഗ്രാം സ്വര്‍ണക്കട്ടി ഇവര്‍ പിടിച്ചെടുത്തു. മറ്റൊരു ബോട്ടില്‍ കൊണ്ടുവന്ന 21.27 കിലോഗ്രാം സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് വെദലൈ ഗ്രാമത്തില്‍ സൂക്ഷിച്ചിരുന്നത്. കേന്ദ്ര റവന്യൂ ഇന്റലിജന്‍സ് വിഭാഗമാണ് ഇവ പിടിച്ചെടുത്തത്.

കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സുരക്ഷാ സേനയും മൂന്നു ദിവസത്തെ പരിശോധനയില്‍ മൊത്തത്തില്‍ 32.87 കിലോ സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തു. 20.20 കോടി രൂപയാണ് ഇതിന്റെ മൂല്യം. ഫെബ്രുവരി ഒമ്പതിന് മണ്ഡപം കടലില്‍ എറിഞ്ഞത് 18 കിലോ സ്വര്‍ണക്കട്ടികള്‍ ആണെന്നാണ് കണക്ക്, ഇപ്പോഴത്തെ 32 കിലോ സ്വര്‍ണക്കട്ടികള്‍ ഉള്‍പ്പെടെ നാലു മാസത്തിനുള്ളില്‍ 50 കിലോ സ്വര്‍ണക്കട്ടികള്‍ കടലില്‍ നിന്ന് മുങ്ങിയെടുത്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.