മണിപ്പൂര്‍ കലാപം: നഷ്ടങ്ങളുടെ പുതിയ കണക്കുകളുമായി ഐ.ടി.എല്‍.എഫ്; 222 ക്രൈസ്തവ ദേവാലയങ്ങളും 4,000 വീടുകളും അഗ്‌നിക്കിരയായി

മണിപ്പൂര്‍ കലാപം: നഷ്ടങ്ങളുടെ പുതിയ കണക്കുകളുമായി ഐ.ടി.എല്‍.എഫ്; 222 ക്രൈസ്തവ ദേവാലയങ്ങളും 4,000 വീടുകളും അഗ്‌നിക്കിരയായി

കൊല ചെയ്യപ്പെട്ട ഗോത്ര വര്‍ഗക്കാര്‍ നൂറിലധികം. പലായനം ചെയ്തത് മുപ്പതിനായിരത്തിലധികം.

ഇംഫാല്‍: മണിപ്പൂരിലെ വര്‍ഗീയ കലാപത്തില്‍ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ 222 ക്രൈസ്തവ ദേവാലയങ്ങളും 4,000 വീടുകളും അഗ്‌നിക്കിരയാക്കിയതായി കുക്കി-മിസോ-സോമി ഗ്രൂപ്പിന്റെയും വിവിധ സിവില്‍ സൊസൈറ്റികളുടെയും വിദ്യാര്‍ഥി സംഘടനകളുടെയും കൂട്ടായ്മയായ ഇന്‍ഡിജീയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം (ഐ.ടി.എല്‍.എഫ്).

ആക്രമണത്തില്‍ ഇതുവരെ ഗോത്ര വര്‍ഗക്കാരായ 68 പേര്‍ കൊല്ലപ്പെട്ടത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും കണക്കില്‍പ്പെടാത്ത 50 പേര്‍കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഐ.ടി.എല്‍.എഫ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 115 ഗ്രാമങ്ങളിലാണ് അക്രമം അരങ്ങേറിയത്.

മുപ്പതിനായിരത്തിലധികം പേരാണ് എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യപ്പെട്ടത്. അവശ്യ മരുന്നുകളുടെ അഭാവത്തില്‍ ദുരിതത്തിലായ ഗോത്രവര്‍ഗക്കാരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും തിരിഞ്ഞു നോക്കിയില്ലെന്ന് ഐ.ടി.എല്‍.എഫ് ആരോപിച്ചു.


ഗോത്രവര്‍ഗക്കാര്‍ യാതൊരു സുരക്ഷയുമില്ലാതെ ഭീഷണിയുടെ നിഴലിലാണ് ജീവിക്കുന്നതെന്നും അക്രമം തുടരുന്നതിനാല്‍ അവശ്യസാധനങ്ങള്‍ പോലും ലഭ്യമല്ലാത്ത അവസ്ഥയാണെന്നും ഐ.ടി.എല്‍.എഫ് പ്രവര്‍ത്തകനായ ഗിന്‍സ വുവാള്‍ സോങ് പറഞ്ഞു.

ഇംഫാലിന് 100 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഗ്രാമങ്ങളാണ് ഏറ്റവും ദുരിതത്തില്‍. ലൈസന്‍സുള്ള തോക്കുകള്‍ സൈന്യം പിടിച്ചെടുത്തതിനാല്‍ സിംഗിള്‍ ബാരല്‍ തോക്കുകളുമായിട്ടാണ് ഗോത്ര വര്‍ഗക്കാര്‍ തങ്ങളുടെ ഗ്രാമങ്ങള്‍ സംരക്ഷിക്കുന്നത്. ചുരുക്കത്തില്‍ സൈന്യം അവരെ മരണത്തിന് വിട്ടുകൊടുത്തിരിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഇക്കഴിഞ്ഞ മെയ് മൂന്ന് മുതല്‍ മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാരും സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സേനയും തുടര്‍ച്ചയായി വംശഹത്യ നടത്തിവരികയാണെന്നും ഗിന്‍സാ പറഞ്ഞു.

മണിപ്പൂരിലെ ഭൂരിപക്ഷ സമുദായമായ ഹിന്ദു മെയ്‌തേയി വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കുന്നതിനെതിരെ ക്രൈസ്തവര്‍ അംഗങ്ങളായിട്ടുള്ള ഗോത്രവര്‍ഗക്കാരായ കുക്കികളും നാഗകളും പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെ എതിര്‍ ഭാഗത്ത് നിന്ന് കലാപത്തിന് സമാനമായ ആക്രമണം ആരംഭിക്കുകയായിരുന്നു.

ക്രൈസ്തവര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ദിവസങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത്. ആക്രമണങ്ങളില്‍ പരിക്കേറ്റ നിരവധിയാളുകള്‍ ഇപ്പോഴും ചികിത്സയിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.