വെളിച്ചെണ്ണ ഇതുപോലെ പുരട്ടിയാല്‍ ഗുണങ്ങളേറെ!

 വെളിച്ചെണ്ണ ഇതുപോലെ പുരട്ടിയാല്‍ ഗുണങ്ങളേറെ!

വെളിച്ചെണ്ണ ചര്‍മ്മത്തിന് നല്‍കുന്ന ഫലങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണെന്ന് നമുക്കറിയാം. ചര്‍മത്തിന് ആവശ്യമായ അളവില്‍ ഈര്‍പ്പം പകരാനും അതോടൊപ്പം ചര്‍മ്മ പ്രശ്‌നങ്ങളെ ശമിപ്പിക്കാനും സഹായിക്കുന്ന ലിനോലെയിക് ആസിഡും ലോറിക് ആസിഡും ഇതില്‍ നിറഞ്ഞിരിക്കുന്നു. ഏതെങ്കിലും അണുബാധ ഉണ്ടാവുന്നതിന്റെ സാധ്യതകളെ കുറയ്ക്കുന്നതിനുള്ള ആന്റി മൈക്രോബയലുകളായി പ്രവര്‍ത്തിക്കാനുള്ള ശേഷിയുണ്ട് വെളിച്ചെണ്ണയ്ക്ക്. വെളിച്ചെണ്ണയില്‍ വിറ്റാമിന്‍ ഇ യും ചര്‍മ്മത്തിന് അനുയോജ്യമായ നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

ചര്‍മ്മത്തിന് വെളിച്ചെണ്ണ

ചര്‍മ്മ പരിപാലനത്തിന്റെ കാര്യത്തില്‍ വെളിച്ചെണ്ണ എന്ന പ്രകൃതിദത്ത ചേരുവ നല്‍കുന്ന ആനുകൂല്യങ്ങളില്‍ ചിലത് ഇനിപ്പറയുന്നവയാണ്:

*കണ്ണുകള്‍ക്ക് താഴെ പുരട്ടിയാല്‍ ഇത് തടിപ്പും കറുത്ത പാടുകളും നീക്കം ചെയ്യുന്നതിന് സഹായിക്കും.
*മുഖക്കുരു ഉണ്ടാക്കുന്നതിന് കാരണമാവുന്ന അണുക്കളെ നിര്‍വീര്യമാക്കുകയും ചര്‍മ്മത്തിലുണ്ടാകുന്ന വീക്കം കുറയുകയും ചെയ്യുന്നു.
*ചര്‍മ്മത്തിലെ ചൊറിച്ചില്‍ അല്ലെങ്കില്‍ തിണര്‍പ്പ് ലക്ഷണങ്ങളെ വെളിച്ചെണ്ണ ശമിപ്പിക്കും.
*നിങ്ങളുടെ ചുണ്ടുകളില്‍ ഉണ്ടാവുന്ന വരള്‍ച്ചയെ നേരിടുന്നതിനുള്ള ഒരു ദ്രുത പരിഹാരമാണിത്.
*ഏറ്റവും മികച്ച പ്രകൃതിദത്ത മേക്കപ്പ് റിമൂവറാണ് ഇത്.
*ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക്, ഏതെങ്കിലും സ്‌ട്രെച്ച് മാര്‍ക്കുകളെ നീക്കം ചെയ്യുന്നതിനുള്ള സുരക്ഷിതമായ പ്രതിവിധിയാണ്.

വെളിച്ചെണ്ണ എങ്ങനെ ഉപയോഗിക്കാം?

നിങ്ങളുടെ മുഖചര്‍മത്തിനും മറ്റും നിരവധി ഗുണങ്ങളെ നല്‍കാനായി വെളിച്ചെണ്ണ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. പല രീതിയിലും നിങ്ങളുടെ ചര്‍മ്മത്തെ പരിപോഷിപ്പിക്കുന്നതിനായി വെളിച്ചെണ്ണ ഉപയോഗിക്കാന്‍ കഴിയുന്ന ചില വഴികളെ ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.

ചര്‍മ്മത്തില്‍ മസാജ് ചെയ്യുക:

ചെറിയ അളവില്‍ ചൂടാക്കിയ വെളിച്ചെണ്ണയെടുത്ത് നിങ്ങളുടെ ചര്‍മ്മത്തില്‍ വൃത്താകൃതിയില്‍ മസാജ് ചെയ്യുക. ചര്‍മ്മത്തിലേക്ക് ഇത് പൂര്‍ണ്ണമായും ആഗിരണം ചെയ്യപ്പെടുന്നതിനായി കുറച്ചു നേരം വരെ ഈ എണ്ണ മസാജ് ചെയ്യണം. എന്നാല്‍ ഇത് അധിക സമയവും ആകാനും പാടില്ല. വെളിച്ചെണ്ണ ഉപയോഗിച്ച് ചര്‍മത്തില്‍ കൂടുതല്‍ നേരം മസാജ് ചെയ്യുന്നത് ചിലപ്പോള്‍ പ്രകോപനങ്ങള്‍ക്ക് കാരണമാകും.

മേക്കപ്പ് റിമൂവര്‍

വെളിച്ചെണ്ണ നിങ്ങളുടെ ചര്‍മത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു മികച്ച മേക്കപ്പ് റിമൂവറാണ്. ഒരു പഞ്ഞി കഷണത്തില്‍ ചെറിയ അളവില്‍ വെളിച്ചെണ്ണ പുരട്ടി മേക്കപ്പ് നീക്കം ചെയ്യുന്നതുവരെ ചര്‍മ്മം തുടയ്ക്കാം. സുഷിരങ്ങള്‍ അടഞ്ഞുപോകാതിരിക്കാനായി മേക്കപ്പുകള്‍ നീക്കം ചെയ്തു കഴിയുമ്പോള്‍ ചര്‍മ്മത്തിലെ അവശേഷിക്കുന്ന എണ്ണ പൂര്‍ണ്ണമായും തുടച്ചുമാറ്റുന്നുവെന്ന് ഉറപ്പാക്കാന്‍ ശ്രദ്ധിക്കണം.

ബോഡി സ്‌ക്രബ്:

പഞ്ചസാരയും വെളിച്ചെണ്ണയും അല്ലെങ്കില്‍ ഉപ്പും വെളിച്ചെണ്ണയും കൂട്ടിചേര്‍ത്താല്‍ പ്രകൃതിദത്ത ബോഡി സ്‌ക്രബ് തയ്യാറാക്കിയെടുക്കാനാവും. വരണ്ടതും നിര്‍ജീവമായതുമായ ചര്‍മ്മ കോശങ്ങളെ നീക്കം ചെയ്യാനായി മുഖത്തും ശരീരത്തിലും ഇതുപയോഗിച്ച് മസാജ് ചെയ്യാം. നിങ്ങളുടെ ചര്‍മ്മം സ്‌ക്രബ് ചെയ്തു കഴിഞ്ഞാല്‍, അത് കുറച്ച് മിനിറ്റ് നേരം വെച്ചശേഷം നനഞ്ഞ തൂവാല കൊണ്ട് തുടയ്ക്കുക. നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കവും ആകര്‍ഷണീയതയും നിലനിര്‍ത്തുന്നതിനോടൊപ്പം കാല്‍മുട്ടുകളിലും കൈമുട്ടിലുമുള്ള ഇരുണ്ട പാടുകളെ നീക്കം ചെയ്യാനുള്ള മികച്ച പ്രതിവിധിയാണിത്.

ഫെയ്‌സ് മാസ്‌ക്

വിറ്റാമിന്‍ ഇ എണ്ണയുടെ ഏതാനും തുള്ളികളോടൊപ്പം ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ കലര്‍ത്തി മുഖത്ത് പുരട്ടുന്നത് ഇത് ഒരു പ്രകൃതിദത്ത ഫേസ് മാസ്‌ക് ആയി പ്രവര്‍ത്തിക്കും. ഇത് 15-20 മിനിറ്റ് മുഖത്ത് സൂക്ഷിക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ചര്‍മ്മം വരണ്ടു പോകുമ്പോള്‍ ഉപയോഗിക്കാന്‍ കഴിയുന്ന മികച്ച പരിഹാര മാര്‍ഗമാണ് ഇത്. ഈ മാസ്‌ക് കണ്ണുകളുടെ ഭാഗത്ത് ഉണ്ടാവുന്ന തടിപ്പിന്നെ നീക്കം ചെയ്യാനും മികച്ചതാണ്. മുഖക്കുരു വരുന്നത് നിയന്ത്രിച്ചു നിര്‍ത്തുന്നതോടൊപ്പം ചര്‍മ്മത്തില്‍ ചുളിവുകള്‍ വരാനുള്ള സാധ്യത ഇത് കുറയ്ക്കുകയും ചെയ്യുന്നു.

വെളിച്ചെണ്ണ ഒഴിവാക്കേണ്ടവര്‍

മുഖക്കുരു സാധ്യത കൂടുതലുള്ളവര്‍, എണ്ണമയമുള്ള ചര്‍മ്മസ്ഥിതിയുള്ളവര്‍ വെളിച്ചെണ്ണ ചര്‍മത്തില്‍ നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കണം. കട്ടിയുള്ളതായതിനാല്‍ തന്നെ വെളിച്ചെണ്ണ ചര്‍മ്മത്തിലെ സുഷിരങ്ങളിലേക്ക് എളുപ്പത്തില്‍ ആഗിരണം ചെയ്യുന്നില്ല. അതിനാല്‍ ചര്‍മ്മത്തില്‍ നിന്ന് ഇത് നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടായി മാറുന്നു. ഇത് സുഷിരങ്ങളെ അടച്ചു കളയുകയും മുഖക്കുരു അധികമാകാനുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. പ്രത്യേകിച്ച് എണ്ണമയമുള്ള ചര്‍മ്മമുള്ള വ്യക്തികളുടെ കാര്യത്തില്‍.

ഇങ്ങനെയൊക്കെയാണെങ്കിലും ഇത്തരക്കാര്‍ക്ക്, ഈ എണ്ണ ഒരു മേക്കപ്പ് റിമൂവറായും നിങ്ങളുടെ ദൈനംദിന സ്‌കിന്‍കെയര്‍ ദിനചര്യയുടെ ഭാഗമായി മറ്റേതെങ്കിലും പരിഹാരങ്ങളോട് കൂട്ടി ചേര്‍ത്തോ ഉപയോഗിക്കാനാവും. മറ്റുള്ളവര്‍ക്ക് ചര്‍മ്മത്തിലെ ഈര്‍പ്പം കൂടുതല്‍ നേരം നിലനിര്‍ത്താനുള്ള ഒരു മികച്ച മാര്‍ഗമാണ് കുളി കഴിഞ്ഞ ശേഷം വെളിച്ചെണ്ണ പുരട്ടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.