കണ്ണൂരില്‍ ട്രെയിനിന് തീ വെച്ച സംഭവം: കത്തിച്ചത് തീപ്പെട്ടി ഉപയോഗിച്ച്; എലത്തൂരുമായി ബന്ധമില്ലെന്ന് ഐജി

കണ്ണൂരില്‍ ട്രെയിനിന് തീ വെച്ച സംഭവം: കത്തിച്ചത് തീപ്പെട്ടി ഉപയോഗിച്ച്; എലത്തൂരുമായി ബന്ധമില്ലെന്ന് ഐജി

കണ്ണൂര്‍: കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീ വെച്ചത് കസ്റ്റഡിയിലെടുത്ത പശ്ചിമ ബംഗാള്‍ സ്വദേശി പുഷന്‍ജിത് സിദ്ഗര്‍ തന്നെയെന്ന് വ്യക്തമാക്കി ഐജി നീരജ് ഗുപ്ത. മൂന്ന് ദിവസം മുന്‍പാണ് പ്രതി തലശേരിയില്‍ എത്തിയത്. അവിടെ നിന്നും കാല്‍ നടയായാണ് കണ്ണൂരിലെത്തിയത്.

നാല്‍പതുകാരനായ പുഷന്‍ജിത് സിദ്ഗര്‍ മുന്‍പ് കൊല്‍ക്കത്തയില്‍ ജോലി ചെയ്തിരുന്നു. അതിന് ശേഷമാണ് കേരളത്തില്‍ വന്നത്. ഭിക്ഷയെടുക്കാന്‍ കഴിയാത്തതിലുള്ള നിരാശയാണ് ട്രെയിനിന് തീ വെക്കാന്‍ കാരണമെന്ന് പ്രതി മൊഴി നല്‍കിയതായും ഐജി പറഞ്ഞു. സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയതെന്ന് ഐജി വ്യക്തമാക്കി.

പ്രതിക്ക് ബീഡി വലിക്കുന്ന സ്വഭാവമുണ്ട്. അതിനായി സൂക്ഷിച്ച തീപ്പെട്ടി ഉപയോഗിച്ചാണ് ഇയാള്‍ ട്രെയിനില്‍ തീവെച്ചിരിക്കുന്നതെന്നും ഐജി പറഞ്ഞു. എലത്തൂര്‍ തീവെപ്പ് കേസുമായി ഇതിന് ബന്ധമില്ല. ഇയാളെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടിയിലേക്ക് നീങ്ങുകയാണെന്നും ഐജി അറിയിച്ചു.

ട്രെയിനിലെ സീറ്റ് കുത്തിക്കീറിയ ശേഷം തീയിട്ടു എന്നാണ് ഇയാള്‍ പറയുന്നത്. ഇന്ധനം ഉപയോഗിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിലും ലഭിച്ച വിവരം. ഇന്നലെ പുലര്‍ച്ചെ 1.25 ന് റെയില്‍വേ ജീവനക്കാരനാണ് ട്രെയിനില്‍ തീ കണ്ടത്. 1.35 ന് അഗ്നിരക്ഷാ സേനയെത്തി ഒരു മണിക്കൂര്‍ കൊണ്ടാണ് തീ അണച്ചത്. അപകടത്തില്‍ ആളപായമില്ല. തീയിട്ട കോച്ച് കിടന്ന ട്രാക്കില്‍ നിന്ന് 100 മീറ്റര്‍ അപ്പുറത്താണ് ബിപിസിഎല്ലിന്റെ ഇന്ധനസംഭരണ ടാങ്ക്. ഇവിടേക്കു തീ പടരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.

രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് എക്സിക്യൂട്ടീവ് എക്സ്പ്രസിനു തീയിടുന്നത്. ഏപ്രില്‍ രണ്ടിന് രാത്രി ഓടിക്കൊണ്ടിരിക്കെ എലത്തൂരില്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ രണ്ട് കോച്ചുകളില്‍ അക്രമി തീയിട്ടതിനെത്തുടര്‍ന്ന് മൂന്നു പേര്‍ മരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.