ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം: മരണം 233 കടന്നു; ആയിരത്തോളം പേര്‍ക്ക് പരിക്ക്, ദുരന്തത്തില്‍ നടുങ്ങി രാജ്യം

ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം: മരണം 233 കടന്നു; ആയിരത്തോളം പേര്‍ക്ക് പരിക്ക്, ദുരന്തത്തില്‍ നടുങ്ങി രാജ്യം

അപകടത്തില്‍ പെട്ടവരില്‍ മലയാളികളുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല. ദക്ഷിണ റെയില്‍വേ കണ്‍ട്രോള്‍ റൂം തുറന്നു. നമ്പര്‍:044-25330952, 044-25330953, 04425354771.

ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറില്‍ ഒരേ സ്ഥലത്തുണ്ടായ രണ്ട് ട്രെയിന്‍ അപകടത്തില്‍ മരണം 233 കടന്നു. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്.

കൊല്‍ക്കത്തയിലെ ഷാലിമറില്‍ നിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊല്‍ക്കത്ത-ചെന്നൈ കോറമണ്ടല്‍ എക്‌സ്പ്രസ് ആദ്യം ഗുഡ്സ് ട്രെയിനില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മറിഞ്ഞു കിടന്ന പതിനഞ്ചോളം ബോഗികളിലേക്ക് ബെംഗളൂരുവില്‍ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ഇടിച്ചു കയറിയാണ് രണ്ടാമത്തെ അപകടമുണ്ടായത്.

വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, റെയില്‍വേ സുരക്ഷാ സേന, ഒഡീഷ ദുരന്തനിവാരണ സേന ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനു രംഗത്തുണ്ട്. അപകടകാരണം കണ്ടെത്താന്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അപകട സ്ഥലത്തേക്ക് തിരിച്ചു. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ പ്രമുഖര്‍ അനുശേചനം രേഖപ്പെടുത്തി.

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നാടിക്കും രാവിലെ അപകട സ്ഥലം സന്ദര്‍ശിക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷവും സാരമായി പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതവും റെയില്‍വേ മന്ത്രാലയം ധനസഹായം പ്രഖ്യാപിച്ചു.

ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രി 7.20 നാണ് ആദ്യ അപകടമുണ്ടായത്. മലയാളികള്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ എന്‍ഡിആര്‍എഫ്, മെഡിക്കല്‍ സംഘങ്ങള്‍ അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്.

സംസ്ഥാന പൊലീസ് സേനയും അഗ്‌നിശമന സേനയുടെ നിരവധി യൂണിറ്റുകളും രക്ഷാ പ്രവര്‍ത്തനം തുടരുന്നു. നിരവധി പേര്‍ ഇപ്പോഴും ട്രെയിനില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം.

അപകടത്തെ തുടര്‍ന്ന് ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കി. ചിലത് വഴി തിരിച്ചുവിട്ടു. ദക്ഷിണ റെയില്‍വേ കണ്‍ട്രോള്‍ റൂം തുറന്നു. നമ്പര്‍: 044-25330952, 044-25330953, 04425354771 എന്നിവയാണ് അടിയന്തരമായി ബന്ധപ്പെടാനുള്ള നമ്പരുകള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.