വര്‍ഗീയ വിഷം ചീറ്റി ആദിത്യനാഥ്; കര്‍ഷകര്‍ക്കിടയില്‍ ചേരിതിരിവിന് ശ്രമം

വര്‍ഗീയ വിഷം ചീറ്റി ആദിത്യനാഥ്; കര്‍ഷകര്‍ക്കിടയില്‍ ചേരിതിരിവിന് ശ്രമം

ബറേലി: വിവാദ കാര്‍ഷിക നിയമത്തിനെതിരെ നടക്കുന്ന കര്‍ഷക സമരം ഒതുക്കി തീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച വളഞ്ഞ വഴികളും കുതന്ത്രങ്ങളും ഫലിക്കാതെ വന്നതോടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെക്കൊണ്ട് വര്‍ഗീയ വിഷം ചീറ്റിച്ച് ബിജെപിയുടെ പൂഴിക്കടകന്‍ പ്രയോഗം.

സമരത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന കര്‍ഷക സംഘടനകളില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി സമരം പൊളിക്കാനുള്ള ശ്രമമാണിതിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. ആര്‍എസ്എസിന്റെ താല്‍പര്യവും ഇതിന് പിന്നിലുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചില കര്‍ഷക സംഘടനാ നേതാക്കളെ വ്യക്തിപരമായി വിളിച്ച് സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. ഒന്നും ഫലിക്കാതെ വന്നതോടെയാണ് അവസാന പ്രയോഗം എന്ന വണ്ണം യോഗിയെ രംഗത്തിറക്കിയിരിക്കുന്നത്.

കര്‍ഷക സമരത്തിന് പിന്നില്‍ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ അസന്തുഷ്ടരായ പ്രതിപക്ഷ പാര്‍ട്ടികളാണെന്നായിരുന്നു യോഗിയുടെ വിവാദ പരാമര്‍ശം. അയോധ്യയിലെ മഹത്തായ രാമക്ഷേത്ര നിര്‍മ്മാണം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ കര്‍ഷകരെ ഉപയോഗിച്ച് രാജ്യത്ത് അസ്വസ്ഥത പടര്‍ത്താന്‍ ശ്രമിക്കുകയാണന്നും ഇന്ത്യ ശ്രേഷ്ഠ ഭാരതമാകുന്നതിലുളള ഒരു വിഭാഗം ആളുകളുടെ അസൂയയാണിതിന് പിന്നിലെന്നും യോഗി ആദിത്യനാഥ് പറയുന്നു.

ആദ്യം കര്‍ഷകര്‍ ആവശ്യപ്പെട്ടത് താങ്ങുവിലയില്‍ ഗ്യാരണ്ടി വേണമെന്നാണ്. അതുസംബന്ധിച്ച് ഒരു സംശയത്തിന് തന്നെ ഇടയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നിട്ടും എന്തിനാണ് ആളുകള്‍ കര്‍ഷകരെ തെറ്റിദ്ധരിരപ്പിക്കുന്നതെന്നാണ് യോഗിയുടെ ചോദ്യം.

അതിനിടെ മധ്യപ്രദേശിലെ കര്‍ഷകരെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് അഭിസംബോധന ചെയ്യും. വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമായിരിക്കും പ്രധാനമന്ത്രി കര്‍ഷകരോട് സംവദിക്കുക. പുതിയ കാര്‍ഷിക നിയമത്തിന്റെ ഗുണ ഫലങ്ങള്‍ പ്രധാനമന്ത്രി കര്‍ഷകരെ പറഞ്ഞു മനസിലാക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.