സംരക്ഷണം മോഡിയുടെ ഇമേജിന് മാത്രം; ജനങ്ങള്‍ക്ക് സുരക്ഷയില്ല: റെയില്‍ മന്ത്രി രാജിവെക്കണമെന്ന് കോണ്‍ഗ്രസ്

 സംരക്ഷണം മോഡിയുടെ ഇമേജിന് മാത്രം; ജനങ്ങള്‍ക്ക് സുരക്ഷയില്ല: റെയില്‍ മന്ത്രി രാജിവെക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഒഡീഷ ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്ന ആവശ്യമുയര്‍ത്തി കോണ്‍ഗ്രസ്.

ഇന്ത്യന്‍ റെയില്‍വേയില്‍ ഗുരുതരമായ പോരായ്മകളും സുരക്ഷാ പ്രശ്‌നങ്ങളുമെല്ലാം നിലനില്‍ക്കേ, അതിനെയെല്ലാം മറച്ചുവെക്കുന്ന പബ്ലിക് റിലേഷന്‍ ഗിമ്മിക്കുകള്‍ നടത്തുന്നതിലായിരുന്നു വൈഷ്ണവിന്റെ ശ്രദ്ധ.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രഖ്യാപനം അനുസരിച്ച്, അപകടത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ സ്വീകരിക്കുന്ന കര്‍ശന നടപടി അശ്വിനി വൈഷ്ണവില്‍ നിന്ന് ആരംഭിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആവശ്യപ്പെട്ടു.

ഒഡിഷയിലെ അപകടം തികഞ്ഞ അശ്രദ്ധ കൊണ്ടും വ്യവസ്ഥിതിയിലെ പോരായ്മകള്‍ക്കൊണ്ടും ഉണ്ടായതാണ്. തങ്ങള്‍ക്കെല്ലാം അറിയാമെന്ന മോഡി സര്‍ക്കാരിന്റെ അഹംഭാവവും അപകടത്തിലേക്ക് നയിച്ചെന്നും പവന്‍ ഖേര പറഞ്ഞു.

'കവച്' പ്രാധനമന്ത്രിയുടെ ഇമേജ് സംരക്ഷിക്കാന്‍ മാത്രമാണെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷയില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. 'പൊതു വിചാരണയില്‍ നിന്നും മാധ്യമ ചര്‍ച്ചകളില്‍ നിന്നും പ്രധാനമന്ത്രിയെ സംരക്ഷിക്കുന്ന ഒരു 'കവച്' ഉണ്ട്. എന്നാല്‍ ആ കവച് സാധാരണക്കാരായ രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല.

ട്രെയിന്‍ സിഗ്‌നല്‍ സംവിധാനത്തിലെ പോരായ്മകളെ കുറിച്ച് റെയില്‍വേയ്ക്ക് നേരത്തെ മുന്നറയിപ്പ് ലഭിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഫെബ്രുവരി ഒമ്പതിന് ഒരു മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സിഗ്നലുകളുടെ ഇന്റര്‍ ലോക്കിങ് സംവിധാനത്തിലെ തകരാര്‍ പരിഹരിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയും നിതീഷ് കുമാറും മാധവ റാവു സിന്ധ്യയും ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ചതുപോലെ അശ്വിനി വൈഷ്ണവില്‍ നിന്നും രാജ്യം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ മോഡി സര്‍ക്കാരിന് ധാര്‍മികതയോ ഉത്തരവാദിത്വമോ ഇല്ലെന്നും പവന്‍ ഖേര പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.