വീണ്ടും നാട്ടിലിറങ്ങി; അരിക്കൊമ്പനെ തമിഴ്‌നാട് മയക്കു വെടിവെച്ച് തളച്ചു: ഇനി മറ്റൊരു കാട്ടിലേക്ക്

വീണ്ടും നാട്ടിലിറങ്ങി; അരിക്കൊമ്പനെ തമിഴ്‌നാട് മയക്കു വെടിവെച്ച് തളച്ചു: ഇനി മറ്റൊരു കാട്ടിലേക്ക്

കമ്പം: ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു. തേനി ജില്ലയിലെ പൂശാനംപെട്ടിക്ക് സമീപം രാത്രി 12.30 ഓടെയാണ് മയക്കുവെടി വെച്ചത്.

തമിഴ്നാട് വനംവകുപ്പാണ് കാട്ടില്‍ നിന്നും നാട്ടിലേക്കിറങ്ങിയ അരിക്കൊമ്പനെ മയക്കു വെടിവെച്ചത്. ആന ഇപ്പോള്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണുള്ളതെന്നാണ് വിവരം. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ചേദിച്ചിട്ടുണ്ട്. ആനയെ കുങ്കിയാനകളുടെ സഹായത്തോടെ ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റും. ഇതിനായി മൂന്നു കുങ്കിയാനകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

ആരോഗ്യപരിശോധനയ്ക്ക് ശേഷമാകും അരിക്കൊമ്പനെ മറ്റൊരു വനമേഖലയിലേക്ക് തുറന്നു വിടുക. നാലോളം സ്ഥലങ്ങളാണ് തമിഴ്നാട് വനംവകുപ്പിന്റെ പരിഗണനയിലുള്ളത്. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ വാല്‍പ്പാറ സ്ലീപ്പാണ് പരിഗണനയിലുള്ള ഒരു സ്ഥലം.

രണ്ട് മാസത്തിനിടെ രണ്ടാം തവണയാണ് അരിക്കൊമ്പനെ മയക്കു വെടിവെക്കുന്നത്. ഏപ്രില്‍ 29 നാണ് കേരള വനംവകുപ്പ് ആദ്യം അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. തുടര്‍ന്ന് പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വിടുകയായിരുന്നു. എന്നാല്‍ മെയ് 27 ന് കമ്പത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പന്‍ പ്രദേശത്ത് ഭീതി വിതയ്ക്കുകയും ഒരാളുടെ മരണത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

പിന്നീട് കാട്ടിലേക്ക് കയറിയ ആന കഴിഞ്ഞ കുറേ ദിവസങ്ങളായി ഷണ്മുഖ നദി തീരത്തെ വന മേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു. ആറ് ദിവസമായി ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നില്ല. ഇന്ന് പുലര്‍ച്ചെയോടെയാണ് ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ആനയെ 24 മണിക്കൂറും നിരീക്ഷിക്കുന്ന 85 പേരടങ്ങുന്ന തമിഴ്‌നാട് സംഘത്തിന്റെ ശ്രദ്ധയില്‍ ഇത് പെടുകയും മയക്കുവെടി വെക്കുകയുമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.