നാലു പിഞ്ചു മക്കളെ 'കൊന്ന' ഓസ്ട്രേലിയയിലെ സീരിയല്‍ കില്ലറായ അമ്മ നിരപരാധിയെന്നു തെളിഞ്ഞു; 20 വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം മോചനം

നാലു പിഞ്ചു മക്കളെ 'കൊന്ന' ഓസ്ട്രേലിയയിലെ സീരിയല്‍ കില്ലറായ അമ്മ നിരപരാധിയെന്നു തെളിഞ്ഞു; 20 വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം മോചനം

സിഡ്‌നി: നാലു പിഞ്ചു മക്കളെ ഒന്നിനു പുറകെ ഒന്നായി കൊന്ന് ഓസ്ട്രേലിയയിലെ വനിതാ സീരിയല്‍ കില്ലര്‍ എന്ന ദുഷ്‌പേരുമായി 20 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ സ്ത്രീ നിരപാധിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് മോചിതയായി. ജനിതക രോഗത്താല്‍ നാലു മക്കള്‍ സ്വാഭാവികമായി മരിച്ചിരിക്കാമെന്ന വിലയിരുത്തലിനെതുടര്‍ന്നാണ് 55 വയസുകാരിയായ സ്ത്രീക്ക് കോടതി മാപ്പ് നല്‍കിയത്. വിരമിച്ച ജഡ്ജി ടോം ബാതര്‍സ്റ്റിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയ തെളിവുകളുടെ സഹായത്തോടെ നടത്തിയ പുതിയ അന്വേഷണത്തിലാണ്, രാജ്യത്തെ നടുക്കിയ കൊലപാതക പരമ്പരയില്‍ വമ്പന്‍ വഴിത്തിരിവുണ്ടായത്.

ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നീതിനിഷേധങ്ങളിലൊന്നായാണ് ഇപ്പോള്‍ ഈ കേസിനെ വിശേഷിപ്പിക്കുന്നത്. നിയമ സംവിധാനങ്ങളുടെ ചരിത്രത്തില്‍ തന്നെ സംഭവിച്ചിട്ടുള്ള ഏറ്റവും വലിയ പിഴവുകളിലൊന്നാണ് കേസില്‍ സംഭവിച്ചതെന്ന് ശാസ്ത്രജ്ഞര്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

രണ്ടു വയസില്‍ താഴെ മാത്രം പ്രായമുള്ള പാട്രിക്, സാറ, ലോറ, കാലേബ് എന്നിവരെ കഴുത്ത് ഞെരിച്ച് കൊന്നുവെന്ന് ആരോപിച്ച് 2003-ലാണ് ന്യൂ സൗത്ത് വെയില്‍സ് സ്വദേശിയായ കാത്ലീന്‍ ഫോള്‍ബിഗ് എന്ന സ്ത്രീ ശിക്ഷിക്കപ്പെട്ടത്. എന്നാല്‍ പുതിയ ശാസ്ത്രീയ തെളിവുകള്‍ കാണിക്കുന്നത് അവരുടെ രണ്ടു പെണ്‍മക്കള്‍ ഹൃദയ ക്രമക്കേടുകള്‍ക്ക് കാരണമാകുന്ന ജനിതക വ്യതിയാനം മൂലമാണ് മരിച്ചെന്നാണ്. ഇത് സ്വാഭാവിക മരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

മുപ്പത്തിയാറുകാരിയായ കാത്ലീന്‍ പത്ത് വര്‍ഷത്തിനിടെ തന്റെ നാല് മക്കളെയും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 1989 നും 1999 നും ഇടയിലാണ് മരണങ്ങള്‍ നടന്നത്. 1989-ല്‍ ജനിച്ച ആദ്യത്തെ മകന്‍ കാലേബിനെ കേവലം 19 ദിവസം പ്രായമുള്ളപ്പോള്‍ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് വര്‍ഷത്തിന് ശേഷം, രണ്ടാമത്തെ മകന്‍ പാട്രിക് എട്ട് മാസം പ്രായമുള്ളപ്പോള്‍ മരിച്ചു. 1993-ല്‍ മകള്‍ സാറ പത്താം മാസത്തില്‍ മരിച്ചു. നാലാമത്തെ കുഞ്ഞ് പത്തൊന്‍പതാം മാസത്തിലുമാണ് മരിച്ചത്.



കുട്ടികളുടെ മരണത്തെത്തുടര്‍ന്ന്, 1999-ല്‍ സ്ത്രീയുടെ ഭര്‍ത്താവായ ക്രെയ്ഗ് ഫോള്‍ബിഗ് തന്റെ ഭാര്യയുടെ സ്വകാര്യ ഡയറികള്‍ പോലീസിന് കൈമാറി. ആ ഡയറി കുറിപ്പുകളാണ് കാത്ലീനെതിരായ കേസിന്റെ അടിസ്ഥാനം. തുടര്‍ന്ന് ദമ്പതികള്‍ വേര്‍പിരിയുകയും ചെയ്തു.

2001 ഏപ്രിലില്‍, നാലു മക്കളെയും ശ്വാസം മുട്ടിച്ച് കൊന്നുവെന്നാരോപിച്ച് കാത്ലീനെതിരെ നാല് കൊലപാതക കുറ്റങ്ങള്‍ ചുമത്തി കോടതി 40 വര്‍ഷം തടവിനു ശിക്ഷിച്ചു. അതേസമയം കാത്ലീന്‍ ഫോള്‍ബിഗ് കോടതിയില്‍ തന്റെ നിരപരാധിത്വം ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

2021-ല്‍, ഓസ്ട്രേലിയയില്‍ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി ശാസ്ത്രജ്ഞര്‍ ഫോള്‍ബിഗിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു നിവേദനത്തില്‍ ഒപ്പുവച്ചിരുന്നു. ന്യൂ സൗത്ത് വെയില്‍സ് ഗവര്‍ണര്‍ മുന്‍പാകെ കാത്‌ലീന്‍ ഫോള്‍ബിഗ് നിരപരാധിയാണെന്ന് കാണിച്ച് അപേക്ഷ നല്‍കി. ഫോറന്‍സിക് തെളിവുകളുടെ അടിസ്ഥാനത്തില്‍ മരണങ്ങള്‍ അപൂര്‍വ ജനിതക രോഗങ്ങളുമായോ വൈകല്യങ്ങളുമായോ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ശാസ്ത്രജ്ഞര്‍ വാദിക്കുന്നു.

സംശയത്തിന്റെ ആനുകൂല്യങ്ങള്‍ നല്‍കാവുന്ന പഴുതുകള്‍ ഉണ്ടായിട്ടും സാഹചര്യ തെളിവുകള്‍ കണക്കിലെടുത്തായിരുന്നു കോടതിയുടെ ശിക്ഷാ നടപടി.

കാത്‌ലീന്റെ പെണ്‍മക്കളില്‍ CALM2 G114R എന്ന പേരിലുള്ള ജനിതക വ്യതിയാനം മരണത്തിനു കാരണമായതായി കണ്ടെത്തി. കുട്ടികള്‍ അടക്കമുള്ളവരില്‍ ഉറക്കത്തില്‍ അപ്രതീക്ഷിത മരണത്തിന് ഇത്തരം ജനിതക മാറ്റങ്ങള്‍ കാരണമാകാറുണ്ട്.

ആണ്‍മക്കളായ കാലെബും പാട്രിക്കും ബിഎസ്ന്‍ എന്ന അപൂര്‍വ ജനിതക വ്യതിയാന രോഗത്തിനിരയായിരുന്നുവെന്നും ഗവേഷകര്‍ നടത്തിയ പഠനങ്ങള്‍ കണ്ടെത്തി. ഈ രോഗം വന്നവര്‍ക്ക് അപകടകരമായ രീതിയില്‍ അപസ്മാരം സംഭവിക്കാറുണ്ട്. ഇതോടെ കാത്‌ലീന്‍ ഫോള്‍ബിഗിന്റെ നാല് മക്കളും സ്വാഭാവിക കാരണങ്ങളാല്‍ മരണപ്പെടുകയായിരുന്നുവെന്നാണ് ശാസ്ത്രം തെളിയിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.