ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് കൈത്താങ്ങായി ബാലസോര്‍ രൂപത

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് കൈത്താങ്ങായി ബാലസോര്‍ രൂപത

ബാലസോര്‍: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായവുമായി ബാലസോര്‍ രൂപത. അപകട വിവരം അറിഞ്ഞയുടന്‍ രൂപതയുടെ നേതൃത്വത്തില്‍ രാത്രിയില്‍ തന്നെ മെഡിക്കല്‍ സഹായം അടക്കമുള്ളവയുമായി സംഭവ സ്ഥലത്ത് നിരവധി പേര്‍ സജീവമായി.

ബാലസോര്‍ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതി ഹോസ്പിറ്റലില്‍ അടിയന്തര ശസ്ത്രക്രിയ അടക്കം ചെയ്തു നല്‍കാനും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ച് ഭക്ഷണവും വെള്ളവും മറ്റ് സഹായവും ലഭ്യമാക്കുവാനും  ടീം അക്ഷീണം പ്രയത്‌നിച്ചു. ആശുപത്രിയുടെ ഡയറക്ടര്‍ ഫാ. പീറ്ററിന്റെ നേതൃത്വത്തില്‍ സന്യാസിനികളും അപകടം നടന്ന സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

ബാലസോര്‍ രൂപതയുടെ സോഷ്യല്‍ ഔട്ട്റീച്ച് വിഭാഗമായ ബാലസോര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അംഗങ്ങള്‍ അപകടത്തിന് ഇരകളായവരെ സഹായിക്കാന്‍ സദാ സജ്ജരായിരുന്നു. ഇപ്പോഴും രൂപതയുടെ നേതൃത്വത്തില്‍ സന്നദ്ധ സഹായ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ഇതിനിടെ ട്രെയിന്‍ അപകടത്തില്‍ മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ദുഖം രേഖപ്പെടുത്തി. അപകടത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായവരോടും പരിക്കേറ്റവരോടും അദ്ദേഹം അനുശോചനം അറിയിച്ചു.

കൊല്‍ക്കൊത്തയിലെ ഷാലിമറില്‍ നിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊല്‍ക്കത്ത-ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് ബാലസോര്‍ റെയില്‍വേ സ്‌റ്റേഷന്‍ പിന്നിട്ട ശേഷം ഗുഡ്‌സ് ട്രെയിനിലിടിച്ചതാണ് അപകടത്തിന്റെ ആരംഭം. ഇടിയുടെ ആഘാതത്തില്‍ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 15 ബോഗികള്‍ പാളം തെറ്റി.

പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ബംഗളുരു-കൊല്‍ക്കൊത്ത ഹൗറ എക്‌സ്പ്രസ് ഇടിച്ചു കയറിയയതാണ് ദുരന്തത്തിന്റെ തീവ്രത കൂട്ടിയത്. ദുരന്തത്തില്‍ 275 പേര്‍ മരണമടയുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.