ആലപ്പുഴ സിപിഎമ്മില്‍ വിഭാഗീയത: പി.പി. ചിത്തരഞ്ജന്‍ അടക്കമുള്ള നേതാക്കള്‍ക്ക് നോട്ടീസ്

ആലപ്പുഴ സിപിഎമ്മില്‍ വിഭാഗീയത: പി.പി. ചിത്തരഞ്ജന്‍ അടക്കമുള്ള നേതാക്കള്‍ക്ക് നോട്ടീസ്

ആലപ്പുഴ: ഏറെ നാളായി ആലപ്പുഴയില്‍ രൂക്ഷമായ സിപിഎം വിഭാഗീയതക്ക് മൂക്കുകയറിടാന്‍ കടുത്ത നടപടിയുമായി സംസ്ഥാന നേതൃത്വം. ജില്ലയിലെ നാല് ഏരിയ കമ്മിറ്റികളില്‍ ചേരിതിരിഞ്ഞുള്ള വിഭാഗീയതയുമായി ബന്ധപ്പെട്ട് പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ അടക്കമുള്ള നേതാക്കള്‍ക്ക് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നോട്ടീസ് നല്‍കി.

പി.കെ. ബിജുവും ടി.പി. രാമകൃഷ്ണനും അംഗങ്ങളായ കമീഷന്‍ സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നടപടി. ആലപ്പുഴയിലെ വിഭാഗീയതയില്‍ ഉന്നത നേതാക്കളടക്കമുള്ളവര്‍ പങ്കാളികളായെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കടുത്ത നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ശിപാര്‍ശ അംഗീകരിച്ചാണ് 25 പേര്‍ക്കെതിരെ നോട്ടീസ് നല്‍കിയത്.

ചിത്തരഞ്ജനെ കൂടാതെ ജില്ല സെക്രട്ടേറിയറ്റ് അംഗം എം.സത്യപാലന്‍, ജില്ല കമ്മിറ്റി അംഗങ്ങളായ സി.കെ. സദാശിവന്‍, വി.വി. അശോകന്‍, ഏരിയ സെക്രട്ടറിമാരായ എന്‍. സോമന്‍ (ഹരിപ്പാട്), വി.ടി. രാജേഷ് (ആലപ്പുഴ നോര്‍ത്ത്), വി.എന്‍. വിജയകുമാര്‍ (ആലപ്പുഴ സൗത്ത്), തകഴി ഏരിയ കമ്മിറ്റി അംഗം സുധിമോന്‍, ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗങ്ങളായ പി.പി. പവനന്‍, എം. സുനില്‍കുമാര്‍, കെ.ജി. ജയലാല്‍, ജയപ്രസാദ്, ബി.കെ. ഫൈസല്‍, മുന്‍ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രന്‍, മുന്‍ ഏരിയ കമ്മിറ്റി അംഗം ടി.എ. നിസാര്‍, എം.ബി. അല്‍ത്താഫ്, ലോക്കല്‍ കമ്മിറ്റി അംഗം വി.ജി. വിഷ്ണു, നോര്‍ത്ത് ഏരിയ കമ്മിറ്റിയിലെ എ. ഷാനവാസ്, ഡി. സുധീഷ്, കെ.ജെ. പ്രവീണ്‍, ജില്ല കമ്മിറ്റി ഓഫിസ് സെക്രട്ടറി കമല്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. വിശദീകരണം ഈമാസം പത്തിനകം മറുപടി നല്‍കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26