ബാലസോര്‍ ട്രെയിന്‍ ദുരന്തം: ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സിസ്റ്റത്തില്‍ ബാഹ്യ ഇടപെടലെന്ന് റെയില്‍വേ അന്വേഷണ റിപ്പോര്‍ട്ട്

  ബാലസോര്‍ ട്രെയിന്‍ ദുരന്തം: ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സിസ്റ്റത്തില്‍ ബാഹ്യ ഇടപെടലെന്ന് റെയില്‍വേ അന്വേഷണ റിപ്പോര്‍ട്ട്

ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന സംശയം ആവര്‍ത്തിച്ച് റെയില്‍വേ അധികൃതര്‍. ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സിഗ്നല്‍ സംവിധാനത്തില്‍ പിഴവുകള്‍ അപൂര്‍വമാണെന്നും ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നുമാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്.

ട്രെയിന്‍ കടന്നു പോകേണ്ട ട്രാക്ക് ഒരിക്കല്‍ സെറ്റ് ചെയ്ത് ലോക്ക് ചെയ്താല്‍, ട്രെയിന്‍ കടന്നു പോകുന്നതുവരെ മാറ്റം വരുത്താന്‍ കഴിയില്ല. ബാഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം റെയില്‍വേ സംഘത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്.

കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ പാളം തെറ്റിയ ബോഗികളിലുണ്ടായിരുന്ന 40 പേര്‍ മരിച്ചത് വൈദ്യുതാഘാതമേറ്റാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവരുടെ ശരീരത്തില്‍ പരുക്കുകള്‍ സംഭവിച്ചിട്ടില്ലെന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലാണ് ഈ സംശയത്തിന് കാരണം. അപകടത്തില്‍ പൊട്ടിയ വൈദ്യുതകമ്പികള്‍ വീണതാകാം മരണ കാരണമെന്നാണ് വിലയിരുത്തല്‍.

അതേസമയം അപകടത്തില്‍ മരിച്ചവരില്‍ 101 പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ടെന്ന് ഈസ്റ്റേണ്‍ സെന്‍ട്രല്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ റിങ്കേഷ് റോയി അറിയിച്ചു. തിരിച്ചറിഞ്ഞ 55 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. അപകടത്തില്‍ 1100 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 200 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണെന്നും റിങ്കേഷ് റോയി അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.