ബംഗളൂരു: 200 യൂണിറ്റിന് താഴെ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതിന് പിന്നാലെ നിരക്ക് കുത്തനെ ഉയര്‍ത്തി കര്‍ണാടക സര്‍ക്കാര്‍. യൂണിറ്റിന് 2.89 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. 200 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാണ് വര്‍ധനവ് ബാധകമാവുക. 200 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ ഗൃഹജ്യോതി പദ്ധതി പ്രകാരം സൗജന്യമായി വൈദ്യുതി ലഭിക്കും. ജൂലൈ ഒന്ന് മുതലാണ് പുതിയ പദ്ധതി നിലവില്‍ വരിക.
സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കഴിഞ്ഞ ദിവസമാണ് കര്‍ണാടക സര്‍ക്കാര്‍ സൗജന്യ വൈദ്യുതി നല്‍കുന്ന പദ്ധതിയായ ഗൃഹജ്യോതി പ്രഖ്യാപിച്ചത്. ഇത് പ്രകാരം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കും. 200 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഇനി ബില്ലടക്കേണ്ടതില്ല.
സംസ്ഥാനത്തെ സാധാരാണക്കാരേയും മധ്യവര്‍ഗക്കാരേയും സഹായിക്കുന്നതിനാണ് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. പണം ഉള്ളവരില്‍ നിന്നാണ് കൂടുതല്‍ നിരക്ക് ഈടാക്കുന്നതെന്നാണ് പുതിയ സര്‍ക്കാരിന്റെ വാദം. മാത്രമല്ല വൈദ്യുതി ചാര്‍ജ് ഉയര്‍ത്താനുള്ള തീരുമാനം ഈ സര്‍ക്കാര്‍ എടുത്തതല്ലെന്നും സിദ്ധരാമയ്യ പറയുന്നു.
കര്‍ണാടക റെഗുലേറ്ററി കമ്മീഷന്‍ നേരത്തെ എടുത്ത തീരുമാനമാണിത്. തീരുമാനം നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും സിദ്ധരാമയ്യ പറഞ്ഞു. 2023 ഏപ്രില്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ യൂണിറ്റിന് 70 പൈസയുടെ താരിഫ് വര്‍ധനയ്ക്ക് കര്‍ണാടക വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ മെയ് 13ന് ഉത്തരവിട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v