വ്യാജരേഖ കേസ്: മുന്‍ എസ്എഫ്‌ഐ നേതാവിനെതിരെ ജാമ്യമില്ലാ കുറ്റം; കെഎസ്‌യു ഗവര്‍ണര്‍ക്ക് പരാതി നല്‍കി

വ്യാജരേഖ കേസ്: മുന്‍ എസ്എഫ്‌ഐ നേതാവിനെതിരെ ജാമ്യമില്ലാ കുറ്റം; കെഎസ്‌യു ഗവര്‍ണര്‍ക്ക് പരാതി നല്‍കി

കൊച്ചി: ഗസ്റ്റ് അധ്യാപക നിയമനത്തിനായി വ്യാജ രേഖ ചമച്ച കേസില്‍ മഹാരാജാസ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥിനിയും മുന്‍ എസ്എഫ്‌ഐ നേതാവുമായ കെ. വിദ്യയ്ക്കെതിരെ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി. ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജരേഖ ചമച്ചെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്.

അതേസമയം വിദ്യയ്ക്കെതിരെ പരാതി നല്‍കുന്നതില്‍ കാസര്‍കോട് കരിന്തളം ഗവണ്‍മെന്റ് കോളജ് ഇന്ന് തീരുമാനമെടുക്കും. ഇതുസംബന്ധിച്ച് അടിയന്തര കൗണ്‍സില്‍ യോഗം ചേരും.

വ്യാജരേഖ ചമച്ചതില്‍ വിദ്യയ്‌ക്കെതിരെ കെഎസ്‌യു ഗവര്‍ണര്‍ക്കും ഡിജിപിക്കും പരാതി നല്‍കി. കേസില്‍ എസ്എഫ്‌ഐയുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം. ഇടതുപക്ഷ അധ്യാപക, അനധ്യാപക സംഘടനകളുടെ പങ്കും അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷി സേവ്യറാണ് പരാതി നല്‍കിയത്.

ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനായി രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റാണ് കാസര്‍കോട് സ്വദേശിനി കെ. വിദ്യ വ്യാജമായി ഉണ്ടാക്കിയത്. മഹാരാജാസ് കോളജില്‍ 2018 മുതല്‍ 2021 വരെ താത്കാലിക അധ്യാപികയായിരുന്നവെന്ന വ്യാജ രേഖയാണ് വിദ്യാ ചമച്ചത്. മഹാരാജാസ് കോളജിന്റെ സീലും വൈസ് പ്രിന്‍സിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കി ഇതുള്‍പ്പെടുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പാണ് പാലക്കാട് അട്ടപ്പാടി ഗവണ്‍മെന്റ് കോളജിലെ താത്കാലിക നിയമനത്തിനായി വിദ്യ ഹാജരാക്കിയത്. കാസര്‍കോട് കരിന്തളം ഗവണ്‍മെന്റ് കോളജില്‍ താത്കാലിക അധ്യാപികയായി ജോലി നേടിയത് മഹാരാജാസ് കോളജില്‍ അധ്യാപികയായിരുന്നുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്.

സംശയം തോന്നിയ കോളജ് അധികൃതര്‍ മഹാരാജാസ് കോളജില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.