അജ്മാന്‍:ഒപ്പം താമസിക്കുന്ന സുഹൃത്തിനെ കൊലപ്പെടുത്തി മുങ്ങാന്‍ ശ്രമിച്ചയാളെ ആറുമണിക്കൂറിനുളളില്‍ പിടിച്ച് അജ്മാന്‍ പോലീസ്. ഏഷ്യന്‍ സ്വദേശിയാണ് പിടിയിലായത്. അജ്മാന്‍ പോലീസിന്‍റെ ഓപ്പറേഷന്‍സ് റൂമില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഭാഗത്തുളള തൊഴിലാളികളില്‍ നിന്ന് അടുത്ത മുറിയില്‍ നിന്ന് ദുർഗന്ധം വമിക്കുന്നതായാണ് ഫോണ്‍ കോള്‍ ലഭിച്ചതെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വിഭാഗം ഡയറക്ടർ ലഫ്. കേണല്‍ അഹമ്മദ് സയീദ് അല്‍ നുഐമി പറഞ്ഞു.
നിയമം അനുശാസിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ എടുത്തശേഷം പോലീസ് സംഘം മേഖലയിലേക്ക് എത്തി. മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ഏഷ്യാക്കാരനാണെന്നും ഇയാളുടെ കൂടെ താമസിച്ചയാളുടെ വിവരങ്ങളും പോലീസ് മറ്റ് തൊഴിലാളികളോട് ചോദിച്ചറിഞ്ഞ് അന്വേഷണം ആരംഭിച്ചു. അല്‍ കരാമയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ഇയാള്‍ പലയിടങ്ങളിലും കറങ്ങിയതായും പോലീസ് പറഞ്ഞു.ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പ്രതിയെ റെക്കോഡ് സമയത്തിനുള്ളിൽ പിടികൂടാൻ കഴിഞ്ഞ അന്വേഷണ ഉദ്യോഗസ്ഥരെ അഹമ്മദ് സയീദ് അൽ നുഐമി പ്രശംസിച്ചു .ഏതെങ്കിലും കുറ്റകൃത്യമോ നിയമപ്രകാരം ശിക്ഷാർഹമായ മറ്റു ലംഘനങ്ങളോചെയ്യാൻ ശ്രമിക്കുന്ന ഏതൊരു വ്യക്തിയും അജ്മാൻ പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് അജ്മാന്‍ പോലീസ് പ്രഥമ പരിഗണന നല്‍കുന്നതായും നുഐമി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.