സാമ്പത്തിക പ്രതിസന്ധി മാറ്റാന്‍ എഐ ക്യാമറ തന്നെ ധാരാളം; 48 മണിക്കൂറില്‍ ചുമത്തിയത് അഞ്ചര കോടി രൂപ പിഴ

സാമ്പത്തിക പ്രതിസന്ധി മാറ്റാന്‍ എഐ ക്യാമറ തന്നെ ധാരാളം; 48 മണിക്കൂറില്‍ ചുമത്തിയത് അഞ്ചര കോടി രൂപ പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകള്‍ മിഴി തുറന്നപ്പോള്‍ ഇന്നലെ വൈകിട്ട് അഞ്ച് വരെയുള്ള കണക്ക് പ്രകാരം പിഴയായി ചുമത്തിയത് 5.66 കോടി രൂപ. തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ ഇന്നലെ വൈകിട്ട് അഞ്ച് വരെ കണ്ടെത്തിയത് 1,13,268 നിയമ ലംഘനങ്ങളാണ് . കൂടുതലും ഹെല്‍മെറ്റ്, സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതിനാണ്. രണ്ട് കുറ്റത്തിനും 500 രൂപയാണ് പിഴ.

അതേസമയം പിഴ ചുമത്തലിന്റെ രണ്ടാം ദിനം ആദ്യ ദിനത്തെ അപേക്ഷിച്ച് ഗതാഗത നിയമ ലംഘനങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് രണ്ടാം ദിനം ഏറ്റവും കൂടുതല്‍ പിഴ തിരുവനന്തപുരം ജില്ലയിലും ഏറ്റവും കുറവ് ആലപ്പുഴ ജില്ലയിലുമാണ്. തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ രാത്രി 12 വരെയുള്ള നിയമ ലംഘനം 63,851 ആണ്. തിങ്കളാഴ്ച രാത്രി 12 മുതല്‍ ഇന്നലെ വൈകിട്ട് അഞ്ച് വരെയുള്ള കണക്ക് 49,317ഉം. ആദ്യ ദിനം ഒരു മണിക്കൂറിലെ ശരാശരി നിയമ ലംഘനം 3990.68 ആണെങ്കില്‍ ഇന്നലെ അത് 2901 ആയി കുറഞ്ഞിരുന്നു.

രണ്ട് ദിവസങ്ങളിലായി 46,000 ചെലാന്‍ അയച്ചു. ഓണ്‍ലൈനായോ നേരിട്ടോ പിഴ ഒടുക്കാം. പരാതിയുള്ളവര്‍ക്ക് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയെ സമീപിക്കാവുന്നതാണ്. മൂന്നു മാസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ കോടതി നടപടികള്‍ നേരിടേണ്ടി വരും.

നിയമം പാലിക്കുകയല്ലാതെ പിഴ ഒഴിവാക്കാന്‍ മാര്‍ഗമില്ലെന്ന സന്ദേശവും ഫലപ്രദമായി. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ട്. ഒരേ നിയമ ലംഘനം ഒന്നിലധികം ക്യാമറകള്‍ കണ്ടെത്തിയാല്‍ വെവ്വേറെ പിഴ ഈടാക്കുമെന്നതും നിയമം പാലിക്കാന്‍ പ്രേരണയായി.

തിങ്കളാഴ്ച കൂടുതല്‍ നിയമ ലംഘനം കണ്ടെത്തിയത് വൈകിട്ട് അഞ്ച് മുതല്‍ എട്ട് വരെയാണ്. ഇന്നലെ പതിവ് പരിശോധനയ്ക്ക് ഇറങ്ങിയ സ്‌ക്വാഡുകള്‍ക്ക് ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് നിയമ ലംഘനങ്ങള്‍ കാര്യമായി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാരിലും ഹെല്‍മെറ്റ് ഉപയോഗം കൂടിയിട്ടുണ്ട്. അമിത വേഗം, അലക്ഷ്യമായ ഡ്രൈവിങ്, ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, മദ്യപിച്ചുള്ള ഡ്രൈവിങ് എന്നിവ കൂടി തടഞ്ഞാല്‍ സംസ്ഥാനത്തെ റോഡ് അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നാണ് നിഗമനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.