ഗുസ്തി ഫെഡറേഷന്‍ തലപ്പത്ത് വനിത എത്തണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന താരങ്ങള്‍

ഗുസ്തി ഫെഡറേഷന്‍ തലപ്പത്ത് വനിത എത്തണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന താരങ്ങള്‍

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) മേധാവിയായി ഒരു വനിതയെ നിയമിക്കണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍. ശനിയാഴ്ച വൈകിട്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുടെ ഡല്‍ഹിയിലെ വസതിയില്‍ ആരംഭിച്ച ചര്‍ച്ച രാത്രി വരെ നീണ്ടെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.

ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണെ ജൂണ്‍ ഒന്‍പതിന് മുമ്പ് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട ശേഷമാണ് താരങ്ങള്‍ മടങ്ങിയത്. ലൈംഗിക ആരോപണ വിധേയനായ ബ്രിജ് ഭൂഷണ്‍ സിങിന്റെ കുടുംബാംഗങ്ങള്‍ ആരും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ ഉണ്ടാകരുതെന്നും ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ അവര്‍ ആവശ്യപ്പെട്ടു.

അതേസമയം കൂടിക്കാഴ്ച അനിശ്ചിതത്വത്തിലാണെന്നും ആഭ്യന്തര മന്ത്രിയില്‍ നിന്ന് ഞങ്ങള്‍ക്ക് വേണ്ട പ്രതികരണം ലഭിച്ചില്ലെന്നും ഗുസ്തി താരം സാക്ഷി മാലിക്കിന്റെ ഭര്‍ത്താവ് സത്യവ്രത് കാഡിയന്‍ പ്രതികരിച്ചു. ഞങ്ങള്‍ ആഗ്രഹിച്ച പ്രതികരണം ലഭിക്കാത്തതിനാല്‍ ഞങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങി വരികയായിരുന്നു. ഞങ്ങള്‍ പിന്നോട്ട് പോകില്ല. പ്രതിഷേധം അതിന്റെ അടുത്തഘട്ടത്തിലേക്ക് പോകുമെന്നും കാഡിയന്‍ വ്യക്തമാക്കി.

എന്നാല്‍, പ്രതിഷേധത്തില്‍ നിന്ന് സാക്ഷി മാലിക് പിന്മാറിയെന്ന് വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. താന്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറിയിട്ടില്ലെന്നും സര്‍ക്കാര്‍ ജോലിയില്‍ തിരിച്ചെത്തുക മാത്രമാണ് ചെയ്തതെന്നും സാക്ഷി മാലിക് ട്വീറ്റ് ചെയ്തു. നോര്‍ത്തേണ്‍ റെയില്‍വേയിലാണ് സാക്ഷി മാലിക് ജോലി ചെയ്യുന്നത്. അമിത് ഷായുമായി ഉള്‍പ്പെടെയുള്ള ഗുസ്തി താരങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സാക്ഷി മാലിക് ജോലിയില്‍ പ്രവേശിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ബ്രിജ് ഭൂഷണനെതിരെയുള്ള ആരോപണം. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരായ പ്രതിഷേധം അവഗണിക്കപ്പെട്ടതിനെ തുടര്‍ന്ന് താരങ്ങള്‍, അവരുടെ മെഡലുകള്‍ ഹരിദ്വാറില്‍ ഗംഗയില്‍ ഒഴുകി കളയുന്നതിനായും ശ്രമിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.