കുരിശ് വരയ്ക്കുമ്പോള്‍ ദൈവത്തിന്റെ അളവറ്റ സ്നേഹവും നിരന്തരമായ ആലിംഗനവും നമ്മെ വലയം ചെയ്യുന്നു: മാര്‍പ്പാപ്പ

കുരിശ് വരയ്ക്കുമ്പോള്‍ ദൈവത്തിന്റെ അളവറ്റ സ്നേഹവും നിരന്തരമായ ആലിംഗനവും നമ്മെ വലയം ചെയ്യുന്നു: മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: ഓരോ തവണയും നാം കുരിശ് വരയ്ക്കുമ്പോള്‍, അളവറ്റ ദൈവ സ്നേഹവും നിരന്തരമായ ആലിംഗനവും അവിടുന്ന് നമ്മെ അനുഭവിപ്പിക്കുന്നതായി ഫ്രാന്‍സിസ് പാപ്പാ. വിശ്വാസികളായ നാം ജീവിതത്തിലും സമൂഹത്തിലും ദൈവ സ്‌നേഹത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടോ എന്ന് സ്വയം വിലയിരുത്താനും മാര്‍പ്പാപ്പ പ്രേരിപ്പിച്ചു.

'ദൈവം എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് കുരിശടയാളം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നാം കുട്ടികളായിരിക്കുമ്പോള്‍ തന്നെ പഠിക്കുന്ന കുരിശുവരയിലൂടെ ദൈവത്തിന്റെ ആലിംഗനം നമുക്ക് അനുഭവവേദ്യമാക്കുന്നു. അവിടുത്തെ സ്‌നേഹവും ആര്‍ദ്രതയും നമ്മെ പൂര്‍ണമായും വലയം ചെയ്യുന്നു' - പരിശുദ്ധ പിതാവ് പറഞ്ഞു.

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ ദിനത്തില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പ്പാപ്പ. യോഹന്നാന്റെ സുവിശേഷം മൂന്നാം അധ്യായം പതിനാറ് മുതല്‍ പതിനെട്ടു വരെയുള്ള തിരുവചനങ്ങളാണ് പാപ്പയുടെ സന്ദേശത്തിന്റെ ആധാരം. യഹൂദ പ്രമാണിയായിരുന്ന നിക്കോദേമൂസ് രാത്രിയില്‍ യേശുവിനെ കാണാന്‍ കടന്നു വരുന്നതും യേശുവുമായി നടത്തുന്ന സംഭാഷണവുമാണ് ഈ സുവിശേഷ ഭാഗത്തിന്റെ കാതല്‍.

നിക്കോദേമൂസ് ഒരു ഫരിസേയപ്രമാണിയും ന്യായാധിപ സംഘത്തിലെ അംഗവുമായിരുന്നു. ദൈവത്തെക്കുറിച്ചും ദൈവ രാജ്യത്തെക്കുറിച്ചും അറിയാനുള്ള നിക്കോദേമോസിന്റെ ആഗ്രഹത്തെ യേശു എപ്രകാരമാണ് സ്വീകരിക്കുന്നതെന്നും, തുടര്‍ന്ന് യേശു നിക്കോദേമോസിന്റെ ജീവിതത്തിലേക്ക് ദൈവീക രഹസ്യങ്ങള്‍ വെളിപ്പെടുത്തി പ്രവേശിക്കുന്നതും പാപ്പാ വിശദീകരിക്കുന്നു.

ദൈവം തന്റെ ഏകജാതനെ ഈ ലോകത്തിന് നല്‍കാന്‍ തക്കവണ്ണം മനുഷ്യരാശിയെ അത്രയേറെ സ്നേഹിക്കുന്നതായുള്ള യേശുവിന്റെ വാക്കുകള്‍ മാര്‍പ്പാപ്പ പരാമര്‍ശിച്ചു.

പിതാവും പുത്രനും പരിശുദ്ധാത്മാവുമെന്ന കൂട്ടായ്മ ഒരു കുടുംബത്തിന്റെ അനുഭവമാണ് നമുക്ക് പ്രദാനം ചെയ്യുന്നത്. 'ദൈവം' എന്ന വാക്ക് ചിലപ്പോഴെങ്കിലും നമുക്ക് വിദൂരമായ യാഥാര്‍ത്ഥ്യമായി തോന്നാറുണ്ട്. എന്നാല്‍ ത്രിത്വമാകുന്ന ദൈവീക കൂട്ടായ്മ ഒരു കുടുംബമാണെന്നുള്ള അനുഭവം പകര്‍ന്നു നല്‍കുന്നു.

ബലിപീഠം എന്നര്‍ത്ഥമാക്കുന്ന മേശയ്ക്കു ചുറ്റുമിരുന്ന് ജീവിതം പങ്കുവയ്ക്കുന്ന അനുഭവം ഒരു കുടുംബത്തിലാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. അതുപോലെ ഒരേ മേശക്കു ചുറ്റും പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരുമിച്ചിരിക്കുന്ന അനുഭവമാണ് ദൈവം നമുക്ക് പ്രദാനം ചെയ്യുന്നതെന്ന് പാപ്പാ വിശദീകരിച്ചു.

ഈ ദൈവീക കൂട്ടായ്മ പങ്കുവയ്ക്കുന്ന മേശയാണ് പരിശുദ്ധമായ അള്‍ത്താര. ഇത്
ഒരു പ്രതിച്ഛായയല്ല, മറിച്ച് യാഥാര്‍ത്ഥ്യമാണ്. ഈ കൂട്ടായ്മയുടെ സാന്നിധ്യം നമ്മുടെ ജീവിതത്തില്‍ അനുഭവവേദ്യമാക്കുന്നത് പരിശുദ്ധാത്മാവാണ്. നിക്കോദേമോസിന് യേശു സഹായമായതുപോലെ നമ്മുടെ സഹായകനാണ് പരിശുദ്ധാത്മാവ്. അതായത്, പരിശുദ്ധാത്മാവ് പിതാവിന്റെ ഹൃദയം നമ്മോട് വെളിപ്പെടുത്തുകയും ദൈവീക ജീവിതത്തില്‍ നമ്മെ പങ്കാളികളാക്കുകയും ചെയ്യുന്നു.

അനുകമ്പാര്‍ദ്രവും കരുണാപൂരിതവുമായ ദൈവ സ്‌നേഹത്തെ നമ്മിലേക്ക് അനുഭവിപ്പിക്കുന്നത്, യേശുവിലൂടെ പിതാവ് നമ്മുടെ ഹൃദയങ്ങളിലേക്കു പകര്‍ന്ന പരിശുദ്ധാത്മാവാണ്. ഈ ദൈവീക കൂട്ടായ്മയിലൂടെ പങ്കുവയ്ക്കപ്പെടുന്ന സ്‌നേഹത്തിന്റെ അനുഭവം നമ്മിലേക്കു പകരുന്ന വേദിയാണ് പരിശുദ്ധ കുര്‍ബാന. വിശുദ്ധ കുരിശിന്റെ അടയാളം വരയ്ക്കുന്നതിലൂടെ എപ്രകാരമാണ് നമ്മുടെ ജീവിതത്തില്‍ ഈ ദൈവീക സാന്നിധ്യം സാധ്യമാകുന്നതെന്നും പാപ്പ ചൂണ്ടിക്കാട്ടി.

'കുരിശ് വരയ്ക്കുന്നതിലൂടെ, ദൈവം നമ്മെ എത്രമാത്രം സ്നേഹിച്ചുവെന്ന് നാം നമ്മെത്തന്നെ ഓര്‍മ്മിപ്പിക്കുന്നു. നമ്മെ ഒരിക്കലും കൈവിടാതെ ആലിംഗനം ചെയ്യുന്നതുപോലെ അവിടുത്തെ സ്‌നേഹം മുകളില്‍ നിന്ന് താഴേക്കും ഇടത്തു നിന്ന് വലത്തോട്ടും നമ്മെ പൂര്‍ണ്ണമായി വലയം ചെയ്യുന്നു' - പാപ്പാ വ്യക്തമാക്കി.

ദൈവസ്‌നേഹത്തിന് നാം സാക്ഷ്യം വഹിക്കുന്നുണ്ടോ? എന്ന് സ്വയം വിലയിരുത്തണമെന്ന് പാപ്പ ഓര്‍മിപ്പിച്ചു. ദൈവ സ്‌നേഹത്തിന് സാക്ഷ്യം വഹിക്കാനും, ആ സ്‌നേഹം മറ്റുള്ളവരുമായി പങ്കുവച്ചുകൊണ്ട് അവരെ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കാനും, ക്ഷമിച്ചുകൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അനുഭവിക്കാനും നമുക്ക് സാധിക്കട്ടെയെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഈ സ്‌നേഹകൂട്ടായ്മയിലേക്കു നമ്മെ നയിക്കാന്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

മാര്‍പ്പാപ്പയുടെ ഞായറാഴ്ച്ച ദിന സന്ദേശങ്ങള്‍ക്കായി ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.