ജയ് ശ്രീറാം ഫ്‌ളക്‌സിന് മറുപടിയായി ദേശീയ പതാകയുമായി ഡിവൈഎഫ്‌ഐ; പതാക കുത്തനെ തൂക്കിയെന്ന് യുവമോര്‍ച്ച

ജയ് ശ്രീറാം ഫ്‌ളക്‌സിന് മറുപടിയായി   ദേശീയ പതാകയുമായി ഡിവൈഎഫ്‌ഐ;  പതാക കുത്തനെ തൂക്കിയെന്ന് യുവമോര്‍ച്ച

പാലക്കാട്: പാലക്കാട് നഗരസഭാ കെട്ടിടത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയതില്‍ പ്രതിഷേധിച്ച് നഗരസഭാ കെട്ടിടത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക തൂക്കി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബിജെപി പ്രവര്‍ത്തകരുടെ പ്രവര്‍ത്തിയില്‍ പ്രതിഷേധിച്ച് നഗരസഭയിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ നഗരസഭയ്ക്ക് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനത്തില്‍ പാലക്കാട് നഗരസഭയുടെ ഭരണമുറപ്പാക്കിയതിന് പിന്നാലെ നഗരസഭാ മന്ദിരത്തില്‍ കയറിയ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സിപിഎമ്മും കോണ്‍ഗ്രസും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും നഗരസഭാ സെക്രട്ടറിയുമടക്കം സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഭരണഘടനാ സ്ഥാപനമായ മുനിസിപ്പല്‍ ഓഫീസിന് മുകളില്‍ കയറി ഹിന്ദുത്വ മുദ്രാവാക്യം മുഴക്കുകയും 'ജയ് ശ്രീറാം' എന്ന ബാനര്‍ ചുവരില്‍ വിരിക്കുകയും ചെയ്തത് ബിജെപി നേതാക്കളുടെ അറിവോടെ സംഘപരിവാര്‍ പ്രവര്‍ത്തകരെ ഉപയോഗിച്ചാണെന്ന് ടൗണ്‍ സൗത്ത് പൊലീസില്‍ നല്‍കിയ പരാതിയില്‍ സിപിഎം ആരോപിച്ചു.

നഗരസഭാ സെക്രട്ടറി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ജയ് ശ്രീരാം ഫ്‌ളക്‌സ് തൂക്കിയതില്‍ മാത്രമാണ് കേസെടുത്തത്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബിജെപി കൗണ്‍സിലര്‍മാരും പോളിങ് ഏജന്റുമാരും പ്രതികളാകും. ഇതിനിടെ പാലക്കാട് നഗരസഭാ കാര്യാലയത്തില്‍ ദേശീയ പതാക കുത്തനെ തൂക്കിയെന്ന് ആരോപിച്ച് യുവമോര്‍ച്ച പാലക്കാട് ജില്ലാ കമ്മറ്റി ടൗണ്‍ സൗത്ത് പൊലീസില്‍ പരാതി നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.