ന്യൂഡൽഹി: റെസ്‌ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് എതിരായ ലൈംഗികാതിക്രമ കേസിൽ മൊഴിമാറ്റി ഇരയുടെ പിതാവ്. മകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും പരാതി നൽകിയത് ദേഷ്യം കാരണമാണെന്നും 17 വയസുകാരിയായ ഗുസ്തി താരത്തിന്റെ പിതാവ് ദേശീയ മാധ്യമത്തോടു വ്യക്തമാക്കി.
‘‘റെസ്‌ലിങ് ഫെഡറേഷൻ എന്റെ മകളോടു വിവേചനം കാണിച്ചതിലുള്ള ദേഷ്യം കാരണമാണ് ലൈംഗികാതിക്രമം ഉണ്ടായെന്ന കടുത്ത ആരോപണം ഉന്നയിച്ചത്. എന്റെ മകളോടു ബ്രിജ് ഭൂഷൺ അപമര്യാദയായി പെരുമാറിയിട്ടില്ല.
സെക്‌ഷൻ 164 പ്രകാരം മജിസ്ട്രേറ്റിനു മുൻപാകെ ഞങ്ങൾ മൊഴി തിരുത്തിയിരുന്നു. ബ്രിജ് ഭൂഷണിന്റെ ഭാഗത്ത് നിന്ന് ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്ന് ജൂൺ അഞ്ചിനു സുപ്രീം കോടതിയിൽ ഞങ്ങൾ വിശദീകരിച്ചു.
സംഭവം വാർത്തയായതോടെ കുടുംബം വലിയ ആഘാതത്തിലാണ് കഴിഞ്ഞിരുന്നത്. ഈ പോരാട്ടത്തിൽ ഞാൻ ഒറ്റയ്ക്കായിരുന്നു. ഗുസ്തി താരങ്ങളുടെ കൂട്ടായ്മ പോലും ആദ്യ സമയത്ത് സഹായിച്ചിരുന്നില്ല´- പിതാവ് പറഞ്ഞു.
മൊഴി മാറ്റിയതിന് പിന്നിൽ ഭയമോ സമ്മർദമോ ദുരാഗ്രഹമോ ഇല്ല. റെസ്‌ലിങ് ഫെഡറേഷൻ വിവേചനം കാണിക്കുന്നെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും ഗുസ്തി താരത്തിന്റെ പിതാവ് വ്യക്തമാക്കി.
17 വയസുള്ള താരത്തിന് 2022 ലുണ്ടായ ദുരനുഭവമാണ് പരാതിയിൽ പറഞ്ഞിരുന്നത്. ചിത്രം എടുക്കാനെന്ന വ്യാജേന ശരീരത്തോട് അമർത്തി നിർത്തിയെന്നും തോളിൽ അമർത്തി മോശമായി തൊട്ടുവെന്നും, ശല്യം ചെയ്യരുതെന്ന് പറഞ്ഞിട്ടും കൂട്ടാക്കിയില്ലെന്നും എഫ്ഐആറിൽ പറയുന്നു.
ഈ മൊഴി പിതാവും ഇരയും മജിസ്ട്രേട്ടിനു മുന്നിൽ രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിൽനിന്ന് പിന്മാറിയാൽ അതു ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമക്കേസുകളെ ദുർബലമാക്കിയേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v