ന്യൂഡൽഹി: പുതുതലമുറ ബാലിസ്റ്റിക് മിസൈലായ ‘അഗ്‌നി പ്രൈമിന്റെ’ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ഒഡീഷ തീരത്തുള്ള ഡോ. എ.പി.ജെ. അബ്ദുൾ കലാം ദ്വീപിൽ ഇന്നലെയാണ് മിസൈൽ വിക്ഷേപണം നടത്തിയത്. ലക്ഷ്യത്തിലേക്ക് വിജയകരമായി എത്താൻ അഗ്നി പ്രൈമിന് ആയെന്ന് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ വ്യക്തമാക്കി.
നേരത്തെ മിസൈലിന്റെ മൂന്നോളം പരീക്ഷണങ്ങൾ പൂർത്തിയാക്കിയിരുന്നു. അതിന് ശേഷമുളള പ്രീ-ഇൻഡക്ഷൻ നൈറ്റ് ലോഞ്ച് ആയിരുന്നു ഇന്നലെ നടന്നത്. മിസൈലിന്റെ കൃത്യതയും വിശ്വാസ്യതയും പരിശോധിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഡിആർഡിഒയിലേയും സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിലേയും മുതിർന്ന ഉദ്യോഗസ്ഥർ മിസൈൽ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.
രണ്ട് ഘട്ടങ്ങളായി ഖര ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മിസൈൽ ആണവായുധ പോർമുന വഹിക്കാൻ ശേഷിയുള്ളതാണ്. 1000-2000 കിലോമീറ്റർ ദൂരം സഞ്ചരിക്കും. അഗ്‌നി പരമ്പരകളിൽ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമാണ് അഗ്‌നി പ്രൈം മിസൈൽ. പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ഉടൻ അഗ്നി പ്രൈം പ്രതിരോധ സേനയുടെ ഭാഗമാകും. അഗ്‌നി പ്രൈമിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ഡിആർഡിഒയെയും സേന വിഭാഗങ്ങളെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v