ദുബായ്: അറബിക്കടലില്‍ രൂപം കൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് രാജ്യത്തെത്തിയാലുണ്ടാകുന്ന ആഘാതം നേരിടാന്‍ സജ്ജമെന്ന് യുഎഇ നാഷണല്‍ എമർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റർ മാനേജ് മെന്‍റ് അതോറിറ്റി. ചുഴലിക്കാറ്റിന്‍റെ ഗതി, രാജ്യത്തെ ബാധിക്കാവുന്ന മേഖലകള്‍, കാലാവസ്ഥ സാഹചര്യം തുടങ്ങിയവ ദേശീയ ദുരന്ത നിവാരണ അതോറിറ്റി, വെതർ ആന്‍റ് ട്രോപ്പിക്കല്‍ കണ്ടീഷന്‍സ് ജോയിന്‍റ് അസസ്മെന്‍റ് എന്നീ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം വിലയിരുത്തി.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് തങ്ങളുടെ മുന്‍ഗണനയെന്ന് ആഭ്യന്തരമന്ത്രാലയം പറഞ്ഞു. ചുഴലിക്കാറ്റിന്‍റെ ആഘാതം അനുഭവപ്പെടാന്‍ സാധ്യതയുളള പ്രദേശങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ യോഗം അവലോകനം ചെയ്തു. കാറ്റിന്‍റെ ഗതി വിലയിരുത്തി വരും മണിക്കൂറുകളില്‍ നടപടികള്‍ സ്വീകരിക്കും.
അധികൃതരുടെ നിർദ്ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.കിംവദന്തികൾ പോസ്റ്റുചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നെന്നും അറിയിപ്പുണ്ട്. അടിസ്ഥാന സൗകര്യമന്ത്രാലയമുള്‍പ്പടെയുളള വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ ക്ലാസ് ഒന്നില്‍ ഉള്‍പ്പെടുത്തിയതായി ബുധനാഴ്ച യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ചുഴലിക്കാറ്റ് യുഎഇയെ നേരിട്ട് ബാധിക്കില്ലെന്നാണ് അനുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v