വ്യാജരേഖ ചമക്കൽ; കെ.വിദ്യക്കെതിരെ കേസെടുത്ത് നീലേശ്വരം പൊലീസ്

വ്യാജരേഖ ചമക്കൽ; കെ.വിദ്യക്കെതിരെ കേസെടുത്ത് നീലേശ്വരം പൊലീസ്

കാസർഗോഡ്: വ്യജ രേഖാ കേസിൽ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യക്കെതിരെ കാസർകോട് കരിന്തളം ഗവണമെന്റ് കോളേജിന്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തു. വ്യാജ രേഖ നിർമ്മിക്കൽ വകുപ്പ് പ്രകാരമാണ് കേസ്. പ്രിൻസിപ്പൾ ഇൻ ചാർജ് ജയ്സൺ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

കരിന്തളം ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളജിൽ വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമെന്ന് സ്ഥിരീകരിച്ചിരുന്നു. മഹാരാജാസ് കോളജ് അധികൃതരാണ് സർട്ടിഫിക്കറ്റ് വ്യാജമെന്ന് സ്ഥിരീകരിച്ചത്.

അതേ സമയം താൻ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടില്ലെന്ന് കെ വിദ്യ പറഞ്ഞു. മഹാരാജാസ് കോളജിന്റെ പേരിൽ എവിടെയും സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. മാധ്യമങ്ങളിൽ കാണുമ്പോഴാണ് ഈ വിഷയം അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരും ഇതുവരെ തന്നെ ഔദ്യോഗികമായി വിളിച്ചിട്ടില്ലെന്നും തന്റെ കയ്യിൽ അങ്ങനെയൊരു സർട്ടിഫിക്കറ്റ് ഇല്ലെന്നും വിദ്യ പറഞ്ഞു.

എറണാകുളം മഹാരാജാസ് കോളജിലെ മലയാളം വിഭാഗത്തിൽ 2018-19, 2020-21 വർഷങ്ങളിൽ ഗസ്റ്റ് ലക്ചറർ ആയിരുന്നു എന്ന രേഖയാണ് വിദ്യ വ്യാജമായി നിർമിച്ചത്. കോളജിന്റെ ലെറ്റർപാഡ്, സീൽ, മുദ്ര എന്നിവ വ്യാജമായി ഉണ്ടാക്കിയാണ് കോളജിൽ ജോലിക്കായി അപേക്ഷിച്ചത്. അട്ടപ്പാടി ആർജിഎം ഗവ. ആർട്‌സ് ആന്റ് സയൻസ് കോളജിൽ ഗസ്റ്റ് ലക്ചറർ അഭിമുഖത്തിന് ചെന്നപ്പോഴാണ് ഈ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകിയത്.

സർട്ടിഫിക്കറ്റിൽ സംശയം തോന്നിയ അട്ടപ്പാടി കോളജ് അധികൃതർ മഹാരാജാസ് കോളജുമായി ബന്ധപ്പെടുകയായിരുന്നു. വിദ്യയുടെ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റിലെ കാലയളവിൽ മലയാളം വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാർ ഇല്ലെന്നാണ് പ്രിൻസിപ്പൽ അറിയിച്ചത്. പാലക്കാട് പത്തിരിപ്പാല ഗവ. കോളജ്, കാസർകോട് കരിന്തളം ഗവ. കോളജ് എന്നിവിടങ്ങളും വിദ്യ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.