'പെണ്‍കുട്ടിയോട് അയാള്‍ മോശമായി പെരുമാറി': പോക്‌സോ കേസില്‍ ബ്രിജ് ഭൂഷനെതിരെ അന്താരാഷ്ട്ര റഫറി

'പെണ്‍കുട്ടിയോട് അയാള്‍ മോശമായി പെരുമാറി': പോക്‌സോ കേസില്‍ ബ്രിജ് ഭൂഷനെതിരെ അന്താരാഷ്ട്ര റഫറി

ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങിനെതിരായ പോക്സോ കേസ് പരാതിയിലെ ആരോപണങ്ങള്‍ ശരിവെച്ച് അന്താരാഷ്ട്ര റഫറി ജഗ്ബിര്‍ സിങ്.

പ്രായപൂര്‍ത്തിയാവാത്ത താരത്തോട് ബ്രിജ് ഭൂഷണ്‍ മോശമായി പെരുമാറുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് ഒളിമ്പ്യനും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവുമായ ജഗ്ബിര്‍ സിങ് പറഞ്ഞു. കേസില്‍ 125 സാക്ഷികളില്‍ ഒരാളാണ് ജഗ്ബിര്‍ സിങ്.

കേസുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച ബ്രിജ് ഭൂഷണിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ പരാതി വ്യാജമാണെന്ന വെളിപ്പെടുത്തലുമായി പോക്സോ കേസിലെ പരാതിക്കാരിയുടെ പിതാവ് രംഗത്തെത്തിയിരുന്നു. മത്സരത്തില്‍ തോല്‍പ്പിച്ചതിനുള്ള പ്രതികാരമായാണ് ആരോപണമുന്നയിച്ചതെന്നായിരുന്നു അദേഹം വ്യക്തമാക്കിയത്.

ഇത് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ കേസിനെ ദുര്‍ബലപ്പെടുത്തുമെന്ന വാദം നിലനില്‍ക്കവെയാണ് ജഗ്ബിര്‍ സിങിന്റെ വെളിപ്പെടുത്തല്‍. 'പെണ്‍കുട്ടിക്കടുത്ത് ബ്രിജ് ഭൂഷണ്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടിരുന്നു. പെണ്‍കുട്ടി എന്തോ പിറുപിറുത്ത് അയാളെ തള്ളിമാറ്റി അവിടെ നിന്ന് മാറി. പ്രസിഡന്റിന് തൊട്ടടുത്തായിരുന്നു പെണ്‍കുട്ടി നിന്നിരുന്നത്.

അവര്‍ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് ഞാന്‍ കണ്ടിരുന്നു. അസ്വസ്ഥയായിരുന്നു. പെണ്‍കുട്ടിക്ക് മോശമായതെന്തോ സംഭവിച്ചിരുന്നു. അയാള്‍ എന്താണ് ചെയ്തതെന്ന് ഞാന്‍ കണ്ടില്ല, എന്നാല്‍ പെണ്‍കുട്ടിയെ അയാള്‍ സ്പര്‍ശിച്ചുകൊണ്ടിരിക്കുന്നതും അടുത്ത് വന്ന് നില്‍ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നതും ഞാന്‍ കണ്ടു. പരാതിക്കാരിയുടെ പെരുമാറ്റത്തില്‍ നിന്ന് അവര്‍ക്ക് എന്തോ മോശമായി സംഭവിച്ചുവെന്ന് മനസിലായി'- ജഗ്ബിര്‍ സിങ്ങ് പറഞ്ഞു.

ഫോട്ടോ സെഷനിടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. പോക്സോ കേസിനു പുറമേ ആറ് വനിതാ താരങ്ങള്‍ നല്‍കിയ മറ്റൊരു പാരാതിയും ബ്രിജ് ഭൂഷണെതിരായുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.